ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ബ്ലഡ് ഡോണര്‍ സെന്ററുമായി സഹകരിച്ച് യുവജന സംഘടനയായ ഫോക്കസ് ഖത്തര്‍ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നാളെ (വെള്ളിയാഴ്ച) നടക്കും. ഉച്ചക്ക് 1 മണിമുതല്‍ വൈകിട്ട് 6 വരെ നീണ്ട് നില്‍ക്കുന്ന ക്യാമ്പില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത നൂറോളം പേര്‍ക്ക് സൗകര്യമൊരുക്കും. കോവിഡ് കാലത്തെ എല്ലാവിധ മുന്‍കരുതലുകളും പാലിച്ചുകൊണ്ടായിരിക്കും രക്തദാന ക്യാമ്പ് നടക്കുക എന്ന് സംഘാടകര്‍ അറിയിച്ചു. രക്തദാനത്തെക്കുറിച്ചുള്ള മുഴുവന്‍ സംശയങ്ങള്‍ക്കുമുള്ള മറുപടികളടങ്ങിയ പോസ്റ്ററുകളും ചോദ്യാവലികളും സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഫോക്കസ് ഖത്തര്‍ ഇതിനകം പ്രചരിപ്പിച്ചിട്ടുണ്ട്.

ആറു മാസത്തിനുള്ളില്‍ വിദേശ യാത്ര നടത്താത്ത, പതിനെട്ട് വയസ്സിനും 65 വയസ്സിനും മധ്യേയുള്ള ആരോഗ്യമുള്ള ഖത്തര്‍ റെസിഡന്‍സ് പെര്‍മിറ്റുള്ള ഏതൊരു സ്ത്രീക്കും പുരുഷനും രക്തദാനം നടത്താവുന്നതാണ്. കോവിഡ് ബാധിതനായിട്ടുണ്ടെങ്കില്‍ മൂന്ന് മാസത്തിന് ശേഷവും, രണ്ടാം ഘട്ട വാക്‌സിന്‍ സ്വീകരിച്ച് കുറഞ്ഞ ദിവസങ്ങള്‍ക്ക് ശേഷവും രക്തം ദാനം ചെയ്യാം. 50 കിലോക്ക് മുകളില്‍ ശരീരഭാരം ഉണ്ടായിരിക്കണം എന്നത് പ്രധാനമാണ്. 

ആന്റി ബയോട്ടിക് എടുത്തവര്‍ക്ക് ഒരാഴ്ച കഴിഞ്ഞും ഡോസ് കൂടിയ വേദനാ സംഹാരികള്‍ കഴിച്ചവര്‍ക്ക് മൂന്ന് ദിവസവും കഴിഞ്ഞ ശേഷമേ രക്തദാനം നടത്താന്‍ സാധിക്കുകയുള്ളൂ. ഷുഗര്‍, ബ്ലഡ് പ്രഷര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയ മറ്റു സാധാരണ അസുഖങ്ങളുള്ളവര്‍ക്ക് അതിന്റെ മരുന്നുകള്‍ കഴിക്കുന്ന സാഹചര്യത്തിലും രക്തദാനം നടത്താവുന്നതാണ് എന്നും സംഘാടകര്‍ അറിയിച്ചു. രക്തദാനം നടത്തുന്നതിന് മുമ്പായി ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങേണ്ടത് നിര്‍ബന്ധമാണ്. 

പരിപാടിയുടെ അവസാന ഘട്ട വിലയിരുത്തല്‍ യോഗത്തില്‍ ഫോക്കസ് ഖത്തര്‍ സി ഇ ഒ അഷ്ഹദ് ഫൈസി, അഡ്മിന്‍ മാനേജര്‍ ഹമദ് ബിന്‍ സിദ്ധീഖ്, ഫൈനാന്‍സ് മാനേജര്‍ സി മുഹമ്മദ് റിയാസ്, സോഷ്യല്‍ വെല്‍ഫയര്‍ മാനേജര്‍ നാസര്‍ ടി പി, ഫാഇസ് എളയോടന്‍, ഹാരിസ് പി ടി, അനീസ് അസീസ്, ബാസില്‍ കെ എന്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി 74718707, 30702347 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും ഫോക്കസ് ഖത്തര്‍ ഭാരവാഹികള്‍ അറിയിച്ചു. 

Content Highlights: Blood donation camp