ന്യൂഡൽഹി:  എയർ ഇന്ത്യയ്ക്ക് സർവീസ് നടത്തുന്നതിനുള്ള അനുമതി ഖത്തർ നിഷേധിച്ചത് കേന്ദ്ര സർക്കാർ തെറ്റിദ്ധരിപ്പിച്ചതിനാലാണെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം.  

യാത്രാക്കൂലി ഈടാക്കാതെ സൗജന്യമായാണ് പ്രവാസികളെ നാട്ടിലെത്തിക്കുന്നതെന്ന് ഖത്തറിനെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഇതനുസരിച്ച് ഇളവുകൾ നേടിയെടുത്തെന്നും എന്നാൽ പ്രവാസികളിൽ നിന്ന് യാത്രാക്കൂലി ഈടാക്കുന്നതായി മനസിലാക്കിയതോടെ എയർ ഇന്ത്യയ്ക്ക് സർവീസ് നടത്തുന്നതിനുള്ള അനുമതി നിഷേധിച്ചുവെന്നുമായിരുന്നു വാർത്തകൾ. 

എന്നാൽ ഈ വാർത്തകൾ നിഷേധിച്ച വിദേശകാര്യ മന്ത്രാലയം അനുമതിയില്ലെങ്കിൽ ഞായറാഴ്ച റദ്ദാക്കിയ വിമാനം ചെവ്വാഴ്ച്ചത്തേയ്ക്ക് പുനർ ക്രമീകരിച്ചത് എങ്ങനെയെയെന്നും ഖത്തറിന്റെ എതിർപ്പുണ്ടെങ്കിൽ റദ്ദാക്കിയ സർവ്വീസ് അപ്പോൾ തന്നെ പുനർ ക്രമീകരിക്കാൻ കഴിയുമോയെന്നും ചോദിച്ചു. 

സാങ്കേതിക കാരണങ്ങളാലാണ് ഞായറാഴ്ച വിമാനം റദ്ദാക്കിയത്. പറക്കൽ സമയത്തിൽ ഉൾപ്പെടെ വന്ന കാലതാമസം ഇതിനുകാരണമായെന്നും തുടർന്നും ഖത്തറിൽ നിന്ന് എയർ ഇന്ത്യ കൂടുതൽ സർവ്വീസ് നടത്തുമെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.  

Content Highlight: Air India not allowed to land in Qatar