തൃശ്ശൂര്‍: 26 വര്‍ഷംമുന്‍പ് ഖത്തറില്‍ ഷോക്കേറ്റ് ഓര്‍മ നഷ്ടപ്പെട്ട് ഉറ്റവരെപ്പോലും തിരിച്ചറിയാനാകാതെ ജീവിച്ച കോലഴി സ്വദേശി അരവിന്ദാക്ഷന്‍ 55-ാം വയസ്സില്‍ മരണത്തിന് കീഴടങ്ങി. അപകടത്തില്‍ 30 നിമിഷം ഹൃദയംനിലച്ച അദ്ദേഹം മരിച്ചെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം പറഞ്ഞത്. പക്ഷേ, ജീവന്‍ തിരിച്ചുകിട്ടി. എന്നാല്‍, തലച്ചോറിലെ ഒരുഭാഗത്തേക്കുള്ള പ്രാണവായു നിലച്ചിരുന്നു. അതോടെ പല ഓര്‍മകളും നഷ്ടപ്പെട്ടു.

അരവിന്ദാക്ഷന്‍ അപകടത്തില്‍പ്പെടുമ്പോള്‍ തൃശ്ശൂര്‍ കോലഴിയിലായിരുന്നു ഭാര്യ മിനി. അവര്‍ രണ്ടാമതും ഗര്‍ഭിണിയായിരുന്നു. മൂത്തമകന്‍ തീരെ ചെറുതും. ഖത്തറിലുണ്ടായിരുന്ന സഹോദരന്മാര്‍ അരവിന്ദാക്ഷനെ ചികിത്സയ്ക്കുശേഷം നാട്ടിലേക്ക് തിരിച്ചയച്ചു.

അപ്പോഴേക്കും മിനി പ്രസവിച്ചു. അരവിന്ദാക്ഷന് അപകടത്തില്‍ ഓര്‍മ നഷ്ടമായെന്ന കാര്യം സഹോദരന്മാര്‍ മിനിയോട് പറഞ്ഞില്ല. നാട്ടില്‍ തിരിച്ചെത്തിയ അരവിന്ദാക്ഷന്‍ തന്റെ കുഞ്ഞിനെപ്പോലും തിരിച്ചറിഞ്ഞതുമില്ല. പിന്നീട് തൃശ്ശൂരില്‍ ഡോക്ടറുടെയടുത്ത് ചികിത്സതേടിയപ്പോഴാണ് ഓര്‍മത്തകരാറുള്ളതായി മനസ്സിലായത്. മൂത്തമകന്‍ മാത്രമേ അരവിന്ദാക്ഷന്റെ ഓര്‍മയിലുള്ളൂ. അതും കുട്ടിയായി. വളര്‍ന്നതോടെ അവനെയും തിരിച്ചറിയാനാകാതെയായി. മക്കളെ അപരിചിതരെപ്പോലെ നോക്കി 26 വര്‍ഷം. വീട്ടുകാര്‍ എല്ലാതരം ചികിത്സയും നടത്തിയെങ്കിലും ഫലംകണ്ടില്ല. ഇപ്പോള്‍ ഒന്നുമറിയാതെ മരണവും. മക്കള്‍: രനില്‍, നീരജ്. സഹോദരങ്ങള്‍: ധര്‍മരാജ്, തങ്കപ്പന്‍, രവിചന്ദ്രന്‍, ഗിരിജന്‍, ഓമന, വനജ.