മസ്‌കത്ത്: നാട്ടിലേക്ക് മടങ്ങാനായി കാത്തിരുന്ന ഒട്ടനവധി മസ്‌കത്തിലെ മലയാളികള്‍ക്ക് ആശ്വാസമായിമാറിയിരിക്കുകയാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഒമാന്‍ വിഭാഗം. സംഘടനാപാടവം കൊണ്ട് ആറ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണ് എംബസിയുടെയും, സംസ്ഥാന സര്‍ക്കാരിന്റെയും പിന്തുണയോടെ ഡബ്ല്യു.എം.എഫ്. ന് ഒരുക്കാന്‍ സാധിച്ചത്. ജൂലായ് 2-ന് കൊച്ചി, ജൂലായ് 5ന് തിരുവനന്തപുരം, ജൂലായ് 9ന് കൊച്ചി, ജൂലായ് 15ന് കൊച്ചി, ജൂലായ് 22ന് കൊച്ചി, ജൂലായ് 23ന് തിരുവനന്തപുരം എന്നീക്രമത്തില്‍ കുട്ടികളും, ഗര്‍ഭിണികളും, വിസകാലാവധി തീര്‍ന്നവരും, ജോലി നഷ്ടപ്പെട്ടു മടങ്ങാന്‍ കാത്തിരുന്നവര്‍ക്കും, വയോധികരുമുള്‍പ്പെടെ 987 മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ഡബ്ല്യു.എം.എഫ്.ന് കഴിഞ്ഞു. യാത്രക്കാരുടെ എംബസി രജിസ്‌ട്രേഷന്‍ മുതല്‍ എയര്‍പോര്‍ട്ടിലെ സഹായസജ്ജീകരണങ്ങളില്‍ വരെ ഡബ്ല്യു.എം.എഫ്.ന്റെ പ്രവര്‍ത്തകരുടെ പിന്തുണ യാത്രക്കാര്‍ക്ക് ആശ്വാസമേകി. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍  ഡോ.രത്നകുമാറിന്റെ നേതൃത്വവും, ഡബ്ല്യു.എം.എഫ്. ഒമാന്‍ പ്രസിഡന്റ് അമ്മുജം രവീന്ദ്രന്റെ അര്‍പ്പണമനോഭാവവും, ഡബ്ല്യു.എം.എഫ്. മിഡില്‍ ഈസ്റ്റ് ജോ.സെക്രട്ടറി ജോസഫ് വലിയവീട്ടില്‍, ഡബ്ല്യു.എം.എഫ്. ഒമാന്‍ ജന.സെക്രട്ടറി ഉല്ലാസ് ചെറിയാന്‍, ജോ.സെക്രട്ടറി ജോര്‍ജ്, വൈസ് പ്രസിഡന്റ് അന്‍സാര്‍ അബ്ദുല്‍ ജബ്ബാര്‍, മറ്റ് ഭാരവാഹികള്‍, എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.