സലാല: നാടണയാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് വെല്‍ഫെയര്‍ ഫോറം സലാല നല്‍കുന്ന അഞ്ചാമത്തെ സൗജന്യ ടിക്കറ്റില്‍ 'നാടണയാന്‍ കഴിഞ്ഞ നിര്‍വൃതിയിലാണ് ചന്ദ്രന്‍ കായക്കുളങ്ങര. കഴിഞ്ഞ വ്യാഴാഴ്ചയാണ് കോഴിക്കോട് ജില്ലയിലെ വട്ടോളി സ്വദേശി ചന്ദ്രന്‍ നാട്ടിലെത്തിയത്. വെല്‍ഫെയര്‍ ഫോറം സലാല വര്‍ക്കിംഗ് പ്രസിഡന്റ് വഹീദ് ചേന്ദമംഗല്ലൂര്‍ അദ്ദേഹത്തിനുള്ള ടിക്കറ്റ് കൈമാറി. ചടങ്ങില്‍ ഭാരവാഹികളായ സബീര്‍ പി.ടി. ബദറുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.

കഴിഞ്ഞ മൂന്ന് മാസത്തോളമായി ചന്ദ്രന്‍ കായക്കുളങ്ങര ജോലി ചെയ്തുവരുന്ന തുന്നല്‍കട അടഞ്ഞുകിടക്കുകയാണ്. വരുമാനവും ജോലിയുമില്ലാതെ റൂമില്‍ കഴിഞ്ഞ ചന്ദ്രന് സലാലയിലെ സാമൂഹിക പ്രവര്‍ത്തകരും സുഹൃത്തുക്കളുമാണ് ആവശ്യമായ ഭക്ഷണ വസ്തുക്കള്‍ നല്‍കി വന്നത്. ദീര്‍ഘമായ 20 വര്‍ഷക്കാലം പ്രവാസ ജീവിതം നയിച്ച ചന്ദ്രന് നാട്ടില്‍ ഭാര്യയും 3 മക്കളുമുണ്ട്. ജോലിയും വരുമാനവും നഷ്ടമായ മടക്കയാത്രക്ക് അവസരമൊരുങ്ങിയവരില്‍ സാമ്പത്തിക പ്രയാസമനുഭവിക്കുന്നവര്‍ക്കാണ് വെല്‍ഫെയര്‍ ഫോറം സൗജന്യ ടിക്കറ്റ് നല്‍കുന്നത്.

ചെറിയ വരുമാനമുള്ളവര്‍, ലേബര്‍ ക്യാമ്പില്‍ കഴിയുന്നവര്‍, ലോക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍, അടിയന്തരമായി നാട്ടില്‍ ചികിത്സക്ക് പോകാന്‍ സാമ്പത്തിക ശേഷി ഇല്ലാത്തവര്‍ തുടങ്ങിയവരില്‍ നിന്ന് അര്‍ഹരായവരെ നേരിട്ട് കണ്ടെത്തുകയാണ് ചെയ്യുന്നത്.. വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ 500 പേര്‍ക്ക് വിമാന ടിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ് ഈ സൗജന്യ ടിക്കറ്റ്.

പ്രയാസകരമായ ഘട്ടത്തില്‍ ചെയ്തുതന്ന എല്ലാ സേവനങ്ങള്‍ക്കും സൗജന്യ ടിക്കറ്റ് നല്‍കിയതിനും നന്ദി അറിയിച്ച ചന്ദ്രന്‍ കായക്കുളങ്ങര കെ.എം.സി.സി ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ് നാട്ടിലെത്തിയത്.