മസ്‌കറ്റ്:  പ്രവാസത്തിന്റെ തിരക്കുകള്‍ മാറ്റി വച്ച്  ഗൃഹാതുരത്വം തുളുമ്പുന്ന  ഓര്‍മ്മകള്‍ അയവിറക്കി  മസ്‌കറ്റിലെ  തിരുവനന്തപുരം പ്രവാസി കൂട്ടായ്മയായ ട്രിവാണ്‍ട്രം വോയ്‌സ് ഓഫ് മസ്‌കറ്റ് (ടി.വി.എം)  2020  സെപ്റ്റംബര്‍ 4ന് വിര്‍ച്ച്വല്‍ പ്ലാറ്റ്‌ഫോമില്‍  ഈ വര്‍ഷത്തെ  ഓണാഘോഷം സംഘടിപ്പിച്ചു. പ്രമുഖ നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ ഡോക്ടര്‍ ജോര്‍ജ്ജ്  ഓണക്കൂര്‍  വിശിഷ്ടാതിഥിയായി  പങ്കെടുത്ത ചടങ്ങില്‍ ടിവിഎമ്മിന്റെ ഇ-മാഗസിന്‍ ധ്വനിയുടെ പ്രകാശന കര്‍മ്മവും അദ്ദേഹം നിര്‍വഹിച്ചു.

പ്രസിഡന്റ് ജോസ് ചാക്കോ, സെക്രട്ടറി എം.ബി സുധീഷ്, ട്രഷറര്‍ മനോഷ് നായര്‍ എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ അംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഒരു ലോക് ഡൗണ്‍ കാലത്തെ ക്രിയാത്മകമായി പ്രയോജനപ്പെടുത്താന്‍ ''ധ്വനി'' എന്ന ഇ -മാഗസിനു കഴിഞ്ഞുവെന്നും ഇതുപോലുള്ള നല്ല ഉദ്യമങ്ങള്‍ ഇനിയുമുണ്ടാകട്ടെയെന്നും വിര്‍ച്ച്വല്‍ പ്ലാറ്റ്‌ഫോമിലെ  ഈ  ഓണാഘോഷം ഒരു വേറിട്ട അനുഭവം സമ്മാനിച്ചു എന്നും ആശംസാ പ്രസംഗത്തില്‍ ഡോക്ടര്‍ ജോര്‍ജ്ജ് ഓണക്കൂര്‍ പറഞ്ഞു.