മസ്‌കത്ത്: മസ്‌ക്കത്തിലെ പ്രമുഖ കലാ കൂട്ടായ്മയായ കൂട്ടത്തിന്റെ  പ്രഥമ ഹൃസ്വ ചിത്ര സംരഭമായ ദി ഗോള്‍ഡ് ഉടനെ റിലീസ് ചെയ്യും. പ്രമുഖ സംവിധായകരായ കമലും ബാലചന്ദ്രമേനോനും സംയുക്തമായാണ് ഹൃസ്വ ചിത്രം ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നത്. മസ്‌ക്കതിലെ തന്നെ കലാകാരന്‍മാരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ടീ എക്സിക്യൂട്ടീവ് കൂട്ടം മീഡിയുടെ ബാനറില്‍ പ്രശസ്ത ഫോട്ടോഗ്രാഫര്‍ കമാല്‍ കൊതുവിലാണ് സംവിധാനവും ഫോട്ടോഗ്രാഫിയും നിര്‍വഹിച്ചിരിക്കുന്നത്. 

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും ഗദ്ദാമയുടെ കഥാകൃത്തുമായ കെ.യു.ഇഖ്ബാലിന്റേതാണ് രചന. നവാസ് മൂസ സംഗീതവും പ്രശസ്ത നാടകൃത്തും കവിയുമായ ബക്കര്‍ മേത്തല ശീര്‍ഷക ഗാനരചനയും നിര്‍വഹിച്ച ഹൃസ്വചിത്രത്തില്‍ ജിദ്ദയിലെ പ്രവാസി ഗായിക സോഫിയാ സുനിലും മുഹമ്മദ് റൗമിനുമാണ് ഗാനാലാപനം.  പ്രവാസ ജീവിതത്തില്‍ കാലിടറി പോകുന്ന നിര്‍ധനരായ പ്രവാസികളെ സ്വര്‍ണകടത്തിന് ഉപയോഗിക്കുന്ന സംഘത്തിന്റെ കെണിയില്‍ വീണു പോകുന്ന ഒരു പാവം പ്രവാസിയുടെ കഥയാണ് ദി ഗോള്‍ഡ്.

സ്വര്‍ണ കടത്തിന് പിടിക്കപ്പെടുന്നയാള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും അയാള്‍ക്ക് മാധ്യമങ്ങള്‍ നല്‍കുന്ന കള്ളക്കടത്തുകാരന്റെയും കള്ളപണക്കാരന്റെയും പരിവേഷവും തുടര്‍ന്ന് കുടുംബം നേരിടുന്ന സങ്കീര്‍ണമായ പ്രശ്നങ്ങളുമാണ് ദി ഗോള്‍ഡിന്റെ പ്രമേയം. കെ.ബി.മുരളിയും സൂസന്‍ സുവാലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാസ്റ്റര്‍ സ്റ്റീവ് സുവാല്‍, വില്‍സന്‍ പ്ലാമൂട്ടത്തില്‍, ബാബു തോമസ്, അല്ലു വല്ലപ്പുഴ, ജോ കുര്യന്‍, സുവാല്‍ വല്‍സന്‍, നവാസ് മൂസ്, നജീം യൂസഫ്, ബിന്‍സി സാം, ഷെല്ലി ഗോപി, മിറാഷ് ജാഫര്‍, ശ്രീകാന്ത് ഗോപിനാഥന്‍, മനോജ് ടി.ആര്‍, മുനീര്‍ മെഹദി സുല്‍ത്താന്‍, കൃഷ്ണദാസ്, സത്യന്‍ കോലിക്കല്‍, പ്രകാശ് കളിചത്ത് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സെയിദ് എം.ഹസനാണ് കലാ സംവിധാനം. സുജേഷ് എഡിറ്റിംഗ്. വിവിധ ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളില്‍ ഓരേ സമയം റിലീസ് ചെയ്യുന്ന ദി ഗോള്‍ഡ് ശക്തമായ ഒരു സന്ദേശമാണ് മുന്നോട്ടു വെക്കുന്നത്.  കോവിഡ് കാലത്തെ പരിമിതികളില്‍ നിന്നു കൊണ്ട് ഹൃസ്വ ചിത്രം പൂര്‍ത്തിയാക്കല്‍ ഏറെ ശ്രമകരമായ ജോലിയായിരുന്നെന്ന് സംവിധായകന്‍ കമാല്‍ പറഞ്ഞു.