മസ്‌കത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ഒരുക്കുന്ന ബുക്ക് ടെസ്റ്റിന് തുടക്കം. ഒമാനിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ വായനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 12 വര്‍ഷമായി ആര്‍ എസ് സി ബുക്ക് ടെസ്റ്റ് സംഘടിപ്പിച്ചുവരുന്നുവെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബുക്ക് ടെസ്റ്റ് പുസ്തകങ്ങളുടെ പ്രകാശനം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വ്യത്യസ്ത പുസ്തകങ്ങളാണ് ബുക്ക് ടെസ്റ്റിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ജനറല്‍ വിഭാഗത്തില്‍ ഡോ. സക്കീര്‍ ഹുസൈന്‍ രചിച്ച് ഐ പി ബി പ്രസിദ്ദീകരിച്ച പ്രവാചകരുടെ മദീന എന്ന പുസ്തകവും വിദ്യാര്‍ഥികള്‍ക്കായി ഫിറോസ് കളരിക്കല്‍ രചിച്ച ഷാഡോസ് ഓഫ് ഗ്ലോറി എന്ന പുസ്തകവുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ഒമാനിലെ മുഴുവന്‍ യൂണിറ്റുകളിലും ലൈറ്റ് ഓണ്‍ പരിപാടിയിലൂടെയാണ് ബുക്ക് ടെസ്റ്റ് 12-ാം എഡിഷന് തുടക്കം കുറിച്ചത്. വരും ദിവസങ്ങളില്‍ വായനക്കാരിലേക്ക് പുസ്തകങ്ങളെത്തും.
www.rsconline.org എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത് പരീക്ഷയില്‍ പങ്കെടുക്കാം. രണ്ട് ഘട്ടങ്ങളിലും ഓണ്‍ലൈന്‍ വഴിയാണ് പരീക്ഷകള്‍ നടക്കുക. ആദ്യ ഘട്ടത്തില്‍ നിശ്ചിത മാര്‍ക്ക് നേടുന്നവര്‍ക്ക് ഫൈനല്‍ പരീക്ഷക്ക് അവസരം ലഭിക്കും.
വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയതായും സംഘാടകര്‍ പറഞ്ഞു. ഗള്‍ഫ് തലത്തിലും ഒമാന്‍ ദേശീയ തലത്തിലും വ്യത്യസ്ത സെന്‍ട്രല്‍ കമ്മിറ്റികള്‍ക്ക് കീഴിലും പ്രത്യേകം സമ്മാനങ്ങള്‍ വിജയികള്‍ക്ക് നല്‍കും. ബുക്ക് ടെസ്റ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും പുസ്തകങ്ങള്‍ ലഭിക്കുന്നതിനും +968 7901 0120, +968 9114 6618 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
മുനീബ് കൊയിലാണ്ടി, മുഹ്യുദ്ദീന്‍ സഖാഫി ചീക്കോട്, ശജീര്‍ കൂത്തുപറമ്പ്, അനസ് സഖാഫി ചെറുമുക്ക് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Content Highlights: RSC book test