മസ്കറ്റ്: വിദേശരാജ്യങ്ങളിൽനിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന ചില വിഭാഗങ്ങളിലുള്ളവർക്ക് നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ ഒഴിവാക്കി. 16 വയസ്സിന് താഴെയുള്ളവർക്കും 60 വയസ്സിന് മുകളിലുള്ളവർക്കും നിർബന്ധിത ക്വാറന്റീൻ ആവശ്യമില്ല. കൂടാതെ ഒമാൻ വിദേശകാര്യാലയങ്ങളിൽ ജോലിചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥർ, ഒമാൻ സന്ദർശിക്കുന്ന നയതന്ത്രജ്ഞർ അവരുടെ കുടുംബാംഗങ്ങൾ, രാജ്യത്തെത്തുന്ന വിമാനജീവനക്കാർ എന്നിവർക്കും ഇളവുണ്ട്. ആരോഗ്യപ്രശ്നങ്ങളുള്ള യാത്രക്കാർക്ക് ആരോഗ്യവകുപ്പുകളിൽനിന്ന് പ്രത്യേക മെഡിക്കൽ സർട്ടിഫിക്കറ്റുണ്ടെങ്കിൽ ഇളവുലഭിക്കും.

തിരഞ്ഞെടുത്ത വിഭാഗങ്ങൾക്ക് വിമാനത്താവളത്തിലെ ചെക്ക് ഇൻ നടപടികൾക്കുമുമ്പ് ഹോട്ടൽ ബുക്കിങ് രേഖകൾ ഹാജരാക്കേണ്ടതില്ല. ഒമാൻ വിമാനക്കമ്പനികൾക്ക് സിവിൽ ഏവിയേഷൻ വകുപ്പ് ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് നൽകി. ഫെബ്രുവരി 15 മുതൽ ഇളവ് പ്രാബല്യത്തിലായി.

മറ്റുവിഭാഗങ്ങൾക്ക് നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ ഉണ്ടായിരിക്കും. ക്വാറന്റീൻ നടപടികൾ കൃത്യമായി പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അധികൃതർ നടപടി കടുപ്പിച്ചിരുന്നത്. രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രക്കാരും നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ വേണമെന്നായിരുന്നു സുപ്രീംകമ്മിറ്റിയുടെ നിർദേശം. അതിനായി യാത്രക്കാർ സ്വന്തംചെലവിൽ ഹോട്ടൽ ബുക്ക് ചെയ്യണം. എന്നാൽ, രാജ്യത്തെ ആരോഗ്യവകുപ്പുമായി ആലോചിച്ചശേഷമാണ് ചിലർക്കുമാത്രം നടപടിയിൽ ഇളവ് അനുവദിച്ചത്. മറ്റുനിർദേശങ്ങളിൽ മാറ്റമില്ല.