മസ്‌ക്കറ്റ്: ഒമാനിലെത്തിയപ്പോള്‍ സ്വന്തം വീട്ടിലെത്തിയ അനുഭവമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മസ്‌ക്കറ്റില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഒമാനിലുള്ള എട്ട് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുകയാണ്. ഒമാന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇവിടെയുള്ള ഇന്ത്യക്കാര്‍ വലിയ സംഭാവനയാണ് നല്‍കുന്നത്. ഇന്ത്യയുടെ ചെറുപതിപ്പ് തന്നെയാണ് ഒമാനില്‍ കാണാന്‍ കഴിഞ്ഞതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങളുടെ ജീവിതം അനായാസമാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 21ാം നൂറ്റാണ്ട് ലക്ഷ്യമിട്ടുകൊണ്ടുള്ള അടിസ്ഥാന സൗകര്യ വികസനമാണ് ഇന്ത്യ നടത്തുന്നത്. ഗതാഗത രംഗത്ത് വിവിധ മേഖലകളെ ഒന്നിപ്പിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. റോഡ് - റെയില്‍ - വ്യോമ - ജല ഗതാഗത മേഖലകളെ ഒന്നിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്.

ഇന്‍ഷുറന്‍സ് പരിരക്ഷ സമ്പന്നര്‍ക്ക് മാത്രമുള്ളതല്ല. 90 പൈസക്കും ഒരു രൂപയ്ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ സാധാരണക്കാര്‍ക്ക് നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും ഒമാനും തമ്മില്‍ ശക്തമായ ബന്ധമാണ് എക്കാലത്തും ഉണ്ടായിരുന്നത്. ഒമാനിലെ ഇന്ത്യന്‍ സമൂഹം ഇതില്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.