മസ്‌കറ്റ്: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വ്യവസായ, വാണിജ്യ മേധാവികളെ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ക്ഷണിച്ചു. ഒമാന്‍ വാണിജ്യ വ്യവസായ മന്ത്രാലയം മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് സംഘടിപ്പിച്ച ഒമാന്‍-ഇന്ത്യ ബിസിനസ് സംഗമത്തിലായിരുന്നു ഇത്.

ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് ആവിഷ്‌കരിച്ച സുഗമമായ രീതികളെക്കുറിച്ച് മോദി വ്യവസായികളെ ധരിപ്പിച്ചു. രാജ്യത്ത് മുതല്‍ മുടക്കുന്നതിന് അനുയോജ്യമായ സമയമാണ് ഇപ്പോള്‍. നിക്ഷേപനടപടികള്‍ കൂടുതല്‍ ഉദാരമാക്കിയിട്ടുണ്ട്. മൂന്നരവര്‍ഷമായി ഗള്‍ഫ് രാഷ്ട്രങ്ങളിലെ വ്യവസായ പ്രമുഖരുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി വിശദീകരിച്ചു. സൗരോര്‍ജം, ടൂറിസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, അടിസ്ഥാന വികസനം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങള്‍ക്കും പ്രയോജനപ്പെടുത്തക്കവിധത്തില്‍ ഏറെ കാര്യങ്ങള്‍ യോജിച്ച് ചെയ്യാനാകുമെന്നും യോഗം വിലയിരുത്തി.

ഇന്ത്യയിലെ വിവിധ മേഖലകളിലുള്ള നിക്ഷേപാവസരങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട്, ഇന്‍വെസ്റ്റ് ഇന്ത്യ ചെയര്‍മാന്‍ രമേഷ് അഭിഷേക് അവതരിപ്പിച്ചു. ഒമാന്‍ പെട്രോളിയം മന്ത്രി മുഹമ്മദ് ബിന്‍ ഹമദ് അല്‍ റുംഹി, വാണിജ്യ മന്ത്രി ഡോ. അലി ബിന്‍ മസൂദ് അല്‍ സുനൈദി, ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ ഒമാന്‍ ചേംബര്‍ ചെയര്‍മാന്‍ സൈദ് സലെ സൈദ് അല്‍ കിയുമി, ദുഖം ഇക്കണോമിക് സോണ്‍ ചെയര്‍മാന്‍ യാഹ്യ ബിന്‍ സൈദ് അബ്ദുള്ള അല്‍ ജാബ്രി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരടക്കം നിരവധി പ്രമുഖര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.