മസ്കറ്റ്: താഴ്ന്നവരുമാനക്കാരായ ഒമാൻ സ്വദേശികൾക്ക് 100 ദശലക്ഷം ഒമാനി റിയാലിന്റെ ക്ഷേമപദ്ധതികളുമായി ഒമാൻ സർക്കാർ.

ഇന്ധന വിലവർധനവിനെ തുടർന്നുണ്ടായ ജീവിതച്ചെലവ് പരിഹരിക്കാനാണു പദ്ധതികളെന്ന് ഒമാൻ മന്ത്രിസഭാ കൗൺസിൽ അറിയിച്ചു. 2018-ൽ പദ്ധതികൾ പ്രാബല്യത്തിൽവരും.

താഴ്ന്നവരുമാനക്കാരായ ഒമാൻ സ്വദേശികൾക്ക് ഉണ്ടാകുന്ന പ്രതിസന്ധികളെക്കുറിച്ച് പഠിക്കാനും പരിഹാരം നിർദേശിക്കാനും മന്ത്രിസഭ കൗൺസിൽ പ്രത്യേകസമിതിയെ ഈ വർഷം ആദ്യം നിയോഗിച്ചിരുന്നു.

സമിതിയുടെയും അനുബന്ധവകുപ്പുകളുടെയും നിർദേശങ്ങൾക്ക് അനുസരിച്ചായിരിക്കും പദ്ധതിക്ക് ആവശ്യമായ 100 ദശലക്ഷം ഒമാനി റിയാൽ അനുവദിക്കുക.

ഇന്ധന വിലയിലെ വർധന ബാധിച്ച രാജ്യത്തെ ദുർബലവിഭാഗക്കാരെ സംരക്ഷിക്കാൻ ഈ പദ്ധതി നടപ്പാക്കുന്നത് വഴി സാധിക്കുമെന്നും മന്ത്രിസഭാ കൗൺസിൽ വിലയിരുത്തി. 2016 ജനുവരിയിലാണ് ആദ്യമായി ഒമാനിൽ ഇന്ധനവിലയുടെ നിയന്ത്രണം നീക്കിയത്.