മസ്‌കറ്റ്: തൊഴിൽവിസയിൽ ഒമാനിലെത്തിയവർ സ്പോൺസറുടെ സാന്നിധ്യത്തിൽ വിസ റദ്ദാക്കാതെ മടങ്ങിയാൽ വീണ്ടും ഒമാനിലെത്താനാകില്ലെന്ന് റോയൽ ഒമാൻ പോലീസ്. പുതിയ തൊഴിൽ വിസയിലോ, സന്ദർശകവിസയിലോ രാജ്യത്ത് എത്തുന്നതിന് അനുമതി ലഭിക്കില്ല.

അതേസമയം, പുതിയ വിസയിലേക്ക് മാറുന്നതിന് ഏർപ്പെടുത്തിയ എതിർപ്പില്ലാരേഖാനിയമത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

ഒമാനിൽ നിന്നും തൊഴിൽവിസ റദ്ദാക്കുന്നവർക്ക് പുതിയ വിസയിൽ മടങ്ങിയെത്തുന്നതിന് എതിർപ്പില്ലാരേഖ നിർബന്ധമാണ്. പഴയ തൊഴിൽഉടമയിൽനിന്ന് എതിർപ്പില്ലാരേഖ ലഭിക്കാത്തപക്ഷം രണ്ട് വർഷത്തിന് ശേഷം മാത്രമാണ് പുതിയ വിസയിലോ സന്ദർശകവിസയിലോ ഒമാനിലേക്ക് തിരിച്ചെത്താൻ സാധിക്കുകയെന്നും പോലീസ് അറിയിച്ചു