മസ്കറ്റ്: ഒമാനിലെ വിനോദസഞ്ചാര രംഗത്തെ  നിക്ഷേപസാധ്യതകൾ കണക്കിലെടുത്ത് രാജ്യത്തിലേക്കുള്ള സഞ്ചാരികൾക്ക് വിനോദസഞ്ചാര വിസ  അനുവദിക്കുന്നത് കൂടുതൽ സുതാര്യമാക്കി. 

കൂടുതൽ  വിദേശരാജ്യങ്ങളിലെ പൗരന്മാർക്ക് ഒരു വർഷ കാലാവധിയുള്ള വിനോദസഞ്ചാര വിസയിൽ ഒമാനിൽ  സന്ദർശനം നടത്താൻ കഴിയുമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. 

 68 രാജ്യങ്ങളിലെ  പൗരന്മാർക്ക് ഒരു വർഷം കാലാവധിയുള്ള വിനോദസഞ്ചാര വിസയാണ് റോയൽ ഒമാൻ പോലീസ് അനുവദിച്ചിരിക്കുന്നത്.  ഈ വിസയിൽ ഒമാനിലെത്തുന്നവർക്ക് ഒരു തവണ ഒരു മാസം എന്ന കണക്കിൽ  രാജ്യത്ത് തങ്ങാനാകും. പത്ത് തെക്കൻ അമേരിക്കൻ രാഷ്ട്രങ്ങളും 19 മറ്റു രാഷ്ട്രങ്ങളും ഈ പുതിയ പട്ടികയിലുണ്ട്.

അമേരിക്ക, കാനഡ, ബ്രിട്ടൻ, ഷെങ്കൺ രാഷ്ട്രങ്ങളിൽ വിസയുള്ള ഇന്ത്യക്കാർ, ചൈന, റഷ്യ എന്നീ രാജ്യങ്ങളിലെ പൗരന്മാർ എന്നിവർക്ക്  വിനോദസഞ്ചാര വിസയിൽ ഒമാനിൽ പ്രവേശിക്കാൻ സാധിക്കും. 

മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന  ഈ വിഭാഗത്തിൽപ്പെടുന്ന യാത്രക്കാരുടെ പക്കൽ കുറഞ്ഞത് ആറുമാസം കാലാവധിയുള്ള പാസ്പോർട്ടും മടങ്ങിപ്പോകാനുള്ള വിമാന യാത്രാടിക്കറ്റും  ഹോട്ടൽ ബുക്കിങും  ഉണ്ടായിരിക്കണം. 

ഒരു മാസത്തെ കാലാവധിയുള്ള വിസയ്ക്ക്  20  ഒമാനി റിയാലും ഒരുവർഷ കാലാവധിയുള്ള വിസയ്ക്ക് അമ്പത് റിയാലുമായിരിക്കും നിരക്ക്. ഈ  പുതിയ വിസാ സംവിധാനം  ഒമാനിലെ വിനോദസഞ്ചാരരംഗത്ത് വൻ മുന്നേറ്റത്തിന്  സഹായകമാകും. രാജ്യത്തേക്ക് കൂടുതൽ  സഞ്ചാരികളെ ആകർഷിക്കാനുള്ള വിവിധ പദ്ധതികളാണ്  സർക്കാർ  ആവിഷ്കരിച്ചുവരുന്നത്.