മസ്‌കറ്റ്: ഒമാനില്‍ വാറ്റ് നടപ്പാക്കുന്നത് നീട്ടി. അടുത്ത വര്‍ഷം നടപ്പാക്കാനിരുന്ന മൂല്യവര്‍ധിത നികുതി 2019-ലെ നടപ്പാക്കൂവെന്ന് ഒമാന്‍ ധനകാര്യ മന്ത്രാലയം. എന്നാല്‍ മദ്യം, പുകയില, ഊര്‍ജപാനീയങ്ങള്‍ എന്നിവയ്ക്കുള്ള പ്രത്യേകം നികുതി അടുത്തവര്‍ഷം പകുതിയോടുകൂടി നടപ്പാക്കും.

എണ്ണവിലയില്‍ ഉണ്ടായ വരുമാനക്കുറവ് പരിഹരിക്കാന്‍ സാമ്പത്തികപരിഷ്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി മൂല്യവര്‍ധിത നികുതി 2018-ല്‍ നടപ്പാക്കുമെന്ന് ഒമാന്‍ സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതില്‍നിന്ന് വ്യത്യസ്തമായി വാറ്റുനടപ്പാക്കുന്നത് 2019-ലേക്ക് മാറ്റാനാണ് തീരുമാനമെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു. വാറ്റ് നിലവില്‍വരുമ്പോള്‍ 300 മില്യണ്‍ ഒമാനി റിയാലിന്റെ അധികവരുമാനം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് .

ഒമാന്റെ അയല്‍രാജ്യങ്ങളായ യു.എ.ഇ.യിലും സൗദിയിലും ജനുവരി ഒന്ന് മുതല്‍ വാറ്റ് പ്രാബല്യത്തില്‍വരും. എന്നാല്‍, ഒമാന്റെ വ്യാപാര വ്യവസായമേഖലയെ ഇത് ബാധിക്കുകയില്ല. ജി.സി.സി. രാജ്യങ്ങള്‍ തമ്മിലുള്ള കരാര്‍പ്രകാരം മറ്റു ജി.സി.സി. രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് നികുതിചുമത്താന്‍ പാടില്ല. ഇതുമൂലം ഉത്പന്നങ്ങള്‍ക്ക് വിലവര്‍ധിക്കാന്‍ സാധ്യതയില്ല.

2015 മുതല്‍ ഒമാന്‍ബജറ്റിലെ കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായി പല സബ്‌സിഡികളും സര്‍ക്കാര്‍ എടുത്തുകളയുകയുണ്ടായി. ഇതുമൂലം 2017-ലെ ആദ്യ ഒമ്പതുമാസങ്ങളില്‍ മൂന്നുബില്ല്യന്‍ ഒമാനി റിയാല്‍ സമാഹരിച്ചു.