മസ്‌കറ്റ്: ഒമാനില്‍ പുതുക്കിയ വാഹന നിയമങ്ങളും ശിക്ഷാ നടപടികളും ഞായറാഴ്ച പ്രാബല്യത്തില്‍ വരും. കടുത്ത നിയമ നടപടികളും പിഴയുമാണ് നിയമലംഘകരെ കാത്തിരിക്കുന്നത്. ആഗസ്ത് ആദ്യം സുല്‍ത്താന്‍ ഖാബൂസ് പുറപ്പെടുവിച്ച ഉത്തരവനുസരിച്ചാണിത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ നിയന്ത്രിക്കാനും പൊതുജനങ്ങള്‍ക്ക്  കൃത്യമായ നിയമാവബോധം ഉണ്ടാകാനും  ഭേദഗതികള്‍ സഹായിക്കുമെന്ന് റോയല്‍ ഒമാന്‍ പോലീസ് വക്താവ് പറഞ്ഞു. 

എതിര്‍ദിശയില്‍ വാഹനം ഓടിക്കല്‍, റദ്ദാക്കിയതോ പിന്‍വലിച്ചതോ ആയ ലൈസന്‍സ്/ലൈസന്‍സ് പ്ലേറ്റ് ഉപയോഗിക്കുന്നവര്‍, വാദികളിലൂടെ അപകടകരമാംവിധം വാഹനമോടിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് 500 റിയാല്‍ പിഴയും മൂന്നുമാസം തടവുമാണ് ശിക്ഷ. ഇന്‍ഷുറന്‍സ് കാലാവധികഴിഞ്ഞ വാഹനം ഓടിക്കുന്നവര്‍ക്ക് 300 റിയാലും പത്തുദിവസം വരെ തടവും ലഭിക്കും. അതിവേഗത്തിന് 100 മുതല്‍ 500 റിയാല്‍ വരെ പിഴയും 10 ദിവസം മുതല്‍ രണ്ടുമാസം വരെ തടവും ലഭിച്ചേക്കാം.

അശ്രദ്ധമായ ഡ്രൈവിങ്, മൊബൈല്‍ ഫോണോ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കല്‍, ഡ്രൈവിങ് ലൈസന്‍സ് ആവശ്യപ്പെടുമ്പോള്‍ പോലീസിന് നല്‍കാതിരിക്കല്‍, വാഹനത്തില്‍നിന്ന് ചപ്പുചവറുകള്‍ വലിച്ചെറിയല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് 300 റിയാല്‍ പിഴയും 10 ദിവസം മുതല്‍ ഒരു മാസം വരെ തടവും ലഭിക്കും. 

മദ്യലഹരിയില്‍ വാഹനമോടിക്കുന്നതിന് 200 മുതല്‍ 500 റിയാല്‍ വരെ പിഴയും മൂന്നുമാസം വരെ തടവും നിയമഭേദഗതിയില്‍ അനുശാസിക്കുന്നു. ഇത്തരത്തിലുള്ള അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റ് 30 ദിവസത്തില്‍ കൂടുതല്‍ ജോലിക്ക് പോകാനാകാത്ത അവസ്ഥയുണ്ടായാല്‍ 600 മുതല്‍ 1200 റിയാല്‍വരെ പിഴയും ആറു മുതല്‍ 12 മാസം വരെ തടവും ചുമത്തും. ആര്‍ക്കെങ്കിലും ജീവഹാനി സംഭവിച്ചാല്‍ 1500 മുതല്‍ 3000 റിയാല്‍ പിഴ ചുമത്തുകയും 12 മുതല്‍ 36 മാസം വരെ തടവുവിധിക്കുകയും ചെയ്യും. 

അശ്രദ്ധമായി വാഹനമോടിച്ചതുമൂലം മരണം സംഭവിച്ചാല്‍ 2000 റിയാല്‍ പിഴയും മൂന്നുമുതല്‍ 12 വരെ തടവുമാണ് ശിക്ഷ.  പൊതു സ്ഥലത്ത് വില്പന പരസ്യംവെച്ച വാഹനം പ്രദര്‍ശിപ്പിച്ചാല്‍ 500, ആംബുലന്‍സ് പാര്‍ക്കില്‍ സ്വകാര്യവാഹനം പാര്‍ക്ക് ചെയ്താല്‍ 100 റിയാല്‍, ബസ്, ടാക്‌സി പാര്‍ക്കില്‍ സ്വകാര്യവാഹനം പാര്‍ക്കുചെയ്താല്‍ 100 റിയാല്‍ എന്നിങ്ങനെയാണ് പിഴ. മഞ്ഞവരയ്ക്കപ്പുറം പാര്‍ക്ക് ചെയ്യല്‍, മറ്റു വാഹനങ്ങള്‍ക്ക്  തടസ്സംവരുന്ന രീതിയില്‍ പാര്‍ക്ക് ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് 10 റിയാല്‍ പിഴ ചുമത്തും.