മസ്‌കത്ത്: ഒമാന്‍ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികള്‍ക്ക് ഒപ്പം കൈകോര്‍ത്ത് ഒമാന്‍ പൗരത്വമുള്ള പ്രവാസി മലയാളിയും. അല്‍ അദ്‌റാക് കണ്‍സ്ട്രക്ഷന്‍ കമ്പനി മാനേജിങ് ഡയറക്ടറായ കമാന്‍ഡര്‍  ഡോ. തോമസ് അലക്‌സാണ്ടറാണ് അല്‍ അമിറാത്തില്‍ നിര്‍മാണം പൂര്‍ത്തിയായ തന്റെ ആശുപത്രി ആരോഗ്യ വകുപ്പിന് കൈമാറിയത്.

ആശുപത്രി ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോളാണ് കോവിഡ് ഒമാനില്‍ പിടിമുറുക്കുന്നത്. ഇതോടെ ഉദ്ഘാടനം നീട്ടുകയായിരുന്നു ഐസോലേഷനിലുള്ള രോഗികളെ പാര്‍പ്പിക്കാനാണ് ആശുപത്രി വിട്ടുനല്‍കുന്നതെന്ന് ഡോ. തോമസ് അലക്‌സാണ്ടര്‍ പറഞ്ഞു.
 
ആഡ് ലൈഫ് എന്ന പേരില്‍ ആറു നിലകളിലായി നിര്‍മിച്ച ആശുപത്രിയില്‍ 68 കിടക്കകളാണ് ഉള്ളത്.  സമാനതകളില്ലാത്ത മഹാമാരിയെ പ്രതിരോധിക്കാന്‍ കൈമെയ് മറന്നുള്ള പരിശ്രമത്തിലാണ് ഒമാന്‍. ഈ ശ്രമങ്ങള്‍ക്കുള്ള  ഐക്യദാര്‍ഡ്യമായാണ് ആശുപത്രി വിട്ടുനല്‍കുന്നതെന്ന് കമാന്‍ഡര്‍ ഡോ. തോമസ് അലക്‌സാണ്ടര്‍ പറഞ്ഞു.