മസ്‌കറ്റ്: ഒമാനിലെ ടാക്‌സികള്‍ക്കായി ഗതാഗത വാര്‍ത്താവിനിമയമന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ടാക്‌സികളില്‍ മീറ്ററുകള്‍ സ്ഥാപിക്കുന്നതടക്കം യാത്രക്കാര്‍ക്ക് ഗുണകരമായ നിരവധി നിയമങ്ങളാണ് മാര്‍ഗനിര്‍ദേശത്തിലടങ്ങിയിരിക്കുന്നത്. ടാക്‌സിഡ്രൈവറായി സേവനമനുഷ്ഠിക്കുന്ന സ്വദേശികള്‍ പ്രത്യേകപരിശീലനവും നേടിയിരിക്കണം .

യാത്രക്കാരുടെ സുരക്ഷയെയും സൗകര്യത്തെയും പരിഗണിച്ചുകൊണ്ടാണ് ഒമാന്‍ ഗതാഗത വാര്‍ത്താവിനിമയമന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത്. സര്‍ക്കാര്‍ അംഗീകരിച്ച നിരക്കുകള്‍മാത്രമേ ഇനിയും യാത്രക്കാരില്‍നിന്ന് ഈടാക്കാന്‍ അനുവാദമുള്ളൂ. യാത്രക്കാരനെ ലക്ഷ്യസ്ഥാനത്തെത്തിക്കാതെ അകാരണമായി വഴിമധ്യേ യാത്ര അവസാനിപ്പിക്കുന്ന ടാക്‌സികള്‍ക്ക് ഇനിമുതല്‍ യാത്രക്കാരന്‍ പണം നല്‍കേണ്ടതില്ല.

റോയല്‍ ഒമാന്‍ പോലീസിന്റെ പരിശീലനം നേടിയ 21 മുതല്‍ 60 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് മാത്രമേ ടാക്‌സിഡ്രൈവറായി ജോലിചെയ്യാന്‍ അനുവാദമുള്ളൂ .

ടാക്‌സികള്‍ പൂര്‍ണമായും സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതായിരിക്കണം. മൂന്നുവര്‍ഷമെങ്കിലും കാലാവധിയുള്ള ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കുകയുംവേണം. എന്നാല്‍, സ്വകാര്യ കമ്പനിയില്‍ 600 ഒമാനി റിയാലില്‍ കൂടുതല്‍ മാസശമ്പളം ഉള്ളവര്‍ക്ക് ടാക്‌സിഡ്രൈവര്‍മാരായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല.

ടാക്‌സികളില്‍ മീറ്റര്‍ സ്ഥാപിക്കണമെന്നും അതിന്റെ കൃത്യത ആറുമാസത്തിലൊരിക്കല്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കുകയും വേണം. വാഹനത്തിന്റെ നമ്പറും ഡ്രൈവറുടെ വിവരങ്ങളും മുന്‍സീറ്റിലും ഡ്രൈവറുടെ സീറ്റിനുപിന്നിലും സ്ഥാപിക്കണമെന്നും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു .

മറ്റു ജി.സി.സി. രാജ്യങ്ങളില്‍നിന്ന് ഒമാനിലേക്കെത്തുന്ന ടാക്‌സികള്‍ക്ക് യാത്രക്കാരെ ഒമാനില്‍ എത്തിക്കാമെങ്കിലും രാജ്യത്തിനകത്ത് ടാക്‌സിസേവനം നടത്താന്‍ പുതിയ ഗതാഗതനിയമം അനുവദിക്കുന്നില്ല.