മസ്കറ്റ്: ഒമാന്റെ ദുഖം തുറമുഖത്ത് ഇന്ത്യൻ നാവികസേനയ്ക്ക് ഒരു സ്ഥിരം ബർത്ത് ഒമാൻ അനുവദിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനമായ മസ്കറ്റിൽനിന്ന് 550 കി.മീറ്റർ അകലെയാണ് ദുഖം. ഇന്ത്യാ മഹാസമുദ്രത്തിലെ ഏറ്റവും ആഴമേറിയ തുറമുഖമായാണ് ദുഖം വിശേഷിപ്പിക്കപ്പെടുന്നത്. ഇതിനടുത്തായി ഇന്ത്യയുടെയും ഒമാന്റെയും സംയുക്ത സംരംഭമായി 120 കോടി ഡോളർ (8520 കോടിയോളം രൂപ ) ചെലവിൽ മേഖലയിലെ ഏറ്റവും വലിയ ആസിഡ് പ്ലാന്റും ഉയർന്നു വരുന്നുണ്ട്. ലിറ്റിൽ ഇന്ത്യ എന്ന പേരിൽ ഇതിനടുത്തായി തന്നെ 748 ദശലക്ഷം ഡോളർ ചെലവിൽ ഇന്ത്യയുടെ സമഗ്ര ടൂറിസം പദ്ധതിയും ആസൂത്രണം ചെയ്തിട്ടുണ്ട്. ഒമാന്റെ നാല് തുറമുഖങ്ങളിലും നാല് ഫ്രീസോൺ വ്യവസായ മേഖലകളിലും ഇന്ത്യൻ സാന്നിധ്യം ഏറെയാണ്. ഇന്ത്യാ മഹാസമുദ്രത്തെ അഭിമുഖീകരിച്ച് നിൽക്കുന്ന ഈ മേഖലകളെല്ലാം ഇന്ത്യക്കാരുടെ ചെറുതും വലുതുമായ ഒട്ടേറെ വ്യവസായ സംരംഭങ്ങൾ സജീവമാണ്. മുപ്പത് വർഷത്തേക്ക് ഇവക്കെല്ലാം കോർപ്പറേറ്റ് നികുതി ഒഴിവാക്കി നൽകിയാണ് അദ്ദേഹം നിക്ഷേപകരെ ആകർഷിച്ചത്. ഒമാന്റെ ഏറ്റവും വലിയ വ്യാപാര വാണിജ്യ പങ്കാളികളിലൊന്നാണ് ഇന്ത്യ.
എട്ട് ലക്ഷത്തോളം ഇന്ത്യക്കാർ ഈ രാജ്യത്ത് ജീവിക്കുന്നു. 2018-19ൽ ഇന്ത്യ-ഒമാൻ വ്യാപാരം അഞ്ച് ബില്യൻ ഡോളറിലെത്തി. 2018-ൽ ഒമാനിൽ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമായിരുന്നു ഇന്ത്യ. 3200 ഇന്ത്യൻ കമ്പനികളാണ് ഇപ്പോൾ ഒമാനിൽ പ്രവർത്തിക്കുന്നത്. ഇന്ത്യയും ഒമാനും തമ്മിലുള്ള സംയുക്ത സംരംഭങ്ങളിലെ നിക്ഷേപമാകട്ടെ 750 കോടി ഡോളറിലെത്തി( 52,000 രൂപ) നിൽക്കുന്നു. ഓരോ ആഴ്ചയും നാനൂറിലേറെ വിമാന സർവീസുകളാണ് ഇന്ത്യക്കും ഒമാനും ഇടയിൽ പറക്കുന്നതെന്നതും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ദൃഢബന്ധത്തിന്റെ സൂചികയാണ.്
2006-ൽ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ആദ്യത്തെ സംയുക്ത സൈനികാഭ്യാസവും നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സൈനിക,പ്രതിരോധ കരാർ നിലവിൽ വരുന്നത്. 2008-ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ഒമാൻ സന്ദർശനത്തോടെ ഈ രംഗത്തെ കൂടുതൽ സഹകരണങ്ങൾക്ക് അരങ്ങൊരുങ്ങി. 2009-മുതൽ ഇന്ത്യൻ വ്യോമസേനയും ഒമാനുമായി ചേർന്ന് സൈനികാഭ്യാസങ്ങൾ നടത്തിവരുന്നു. യമനിൽ നിന്നുള്ള അധിനിവേശം തടയാനായി ഒമാൻ-യെമെൻ അതിർത്തിയിൽ മതിൽ പണിയാനും ഒമാൻ ഇന്ത്യയുടെ സഹായം തേടി.