മസ്‌കറ്റ്: ഒമാനിലെ വിവിധ സർക്കാർ ആശുപത്രികളിൽ സ്വദേശിവത്‌കരണം നടപ്പാക്കി ആരോഗ്യമന്ത്രാലയം. വിദേശ നഴ്‌സുമാർക്കുപകരം 170-ലേറെ സ്വദേശി നഴ്‌സുമാരെയാണ് പുതിയതായി നിയമിച്ചത്. സെപ്റ്റംബർ ഒന്നുമുതൽ സ്വദേശി നഴ്‌സുമാർ സേവനം തുടങ്ങിയതായും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

രാജ്യത്താകെ എട്ട് സർക്കാർ ആശുപത്രികളിലാണ് സ്വദേശിവത്‌കരണം നടപ്പാക്കിയത്. സുഹാർ ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ വിദേശ നഴ്‌സുമാർക്ക് തൊഴിൽ നഷ്ടമായത്. 62 സ്വദേശി നഴ്‌സുമാരാണ് ഇവിടെ പുതുതായി ജോലിയിൽ പ്രവേശിച്ചത്.

സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ 36 നഴ്‌സുമാർ, ഇബ്ര ആശുപത്രി (32), ജഅലാൻ ബൂ അലി ആശുപത്രി (18), സൂർ ആശുപത്രി (8), കസബ് ആശുപത്രി (5), ബുറൈമി ആശുപത്രി (2), ഹൈമ ആശുപത്രി (1) എന്നിങ്ങനെയാണ് തൊഴിൽനഷ്ടമായ വിദേശി നഴ്‌സുമാരുടെ എണ്ണം.