സൊഹാര്‍: ഒമാന്റെ ദേശീയദിന റാലിയില്‍ നാലാം വര്‍ഷവും കെ.എം.സി.സി.ക്ക് ഔദ്യോഗിക പ്രാതിനിധ്യം. ഒമാന്റെ 47-ാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് സോഹാറില്‍ നടന്ന റാലിയില്‍ ബാതിനാ മേഖലയിലെ എട്ട് കെ.എം.സി.സി. ഏരിയാ കമ്മിറ്റികളില്‍നിന്നായി നൂറുകണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്.

തൂവെള്ള വസ്ത്രവും ഒമാന്‍ പതാകയും ഒമാന്‍ ഭരണാധികാരിയുടെ ചിത്രം ആലേഖനംചെയ്ത അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച പ്ലക്കാര്‍ഡുകളുമായി നീങ്ങിയ റാലി ജനശ്രദ്ധ പിടിച്ചുപറ്റി. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് അഭിവാദ്യം അര്‍പ്പിച്ച് നടത്തിയ റാലിയില്‍ ഒമാന്റെ പതാകയില്‍ത്തീര്‍ത്ത ടീഷര്‍ട്ടുകള്‍ അണിഞ്ഞെത്തിയവരുടെ ത്രിവര്‍ണനിര റാലിക്ക് ചാരുതയേകി. കോര്‍ണിഷിലെ കുട്ടികളുടെ പാര്‍ക്കില്‍നിന്ന് ആരംഭിച്ച റാലി സോഹാര്‍ വാലി ഓഫീസ് പരിസരത്ത് സമാപിച്ചു.

കെ.എം.സി.സി. ദേശീയദിനാഘോഷക്കമ്മിറ്റി ചെയര്‍മാന്‍ കെ. യൂസുഫ് സലിം, ജനറല്‍ കണ്‍വീനര്‍ ഷാനവാസ് കദ്ര, സോഹാര്‍ കെ.എം.സി.സി. പ്രസിഡന്റ് ടി.സി. ജാഫര്‍, അഷ്‌റഫ് കേളോത്ത്, അബ്ദുല്‍ ഷുക്കൂര്‍ ഹാജി, പി.ടി.പി. ഹാരിസ്, വി.പി. അബ്ദുല്‍ ഖാദിര്‍, ഭാരവാഹികളായ കെ. ഹസന്‍ബാവ ദാരിമി, ഹുസൈന്‍ അസ്സൈനാര്‍ ബഷീര്‍ തളങ്കര, ഷബീര്‍ അലി മാസ്റ്റര്‍, അബ്ദുല്‍ ഖാദിര്‍ പെരുമ്പിലാവ്, ബഷീര്‍ തളങ്കര തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി. മുസ്തഫ മുഴപ്പിലങ്ങാട്, മുഹമ്മദ് കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള വൊളന്റിയര്‍ ടീം റാലി നിയന്ത്രിച്ചു. ബാതിനാ വാലി ശൈഖ് മശാരി അല ഷംസി, ഒമാന്‍ പാര്‍ലമെന്റ് നിയമകാര്യസമിതി ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഇബ്രാഹിം അല്‍ സജാലി, ഒമാന്‍ മജ്‌ലിസ് ശൂറഅംഗം ഹിലാല്‍ ബിന്‍ അല്‍ സദ്രാനി, മജ്‌ലിസ് ബലദി അംഗങ്ങളായ മുഹമ്മദ് ദര്‍വീഷ് അല്‍ അജ്മി, അലി അഹ്മദ് അല്‍ മുഈനി, മഹ്മൂദ് സാലിം മര്‍ഹൂന്‍ അല്‍ ഖവാലിദി തുടങ്ങിയവര്‍ റാലിയെ സ്വീകരിച്ചു.