മസ്‌കറ്റ്: ഒമാനില്‍ കോവിഡ്-19 മഹാമാരി പടര്‍ന്നു പിടിക്കുന്ന സമയത്തും കര്‍മ്മനിരതരായി മസ്‌കറ്റിലെ  കൈരളി പ്രവര്‍ത്തകര്‍.  ഒമാനിലെ സലാല മുതല്‍ മസ്‌കറ്റ് വരെയുള്ള മുഴുവന്‍ ഗവര്‍ണറേറ്റുകളിലും ഒറ്റപ്പെട്ടു കിടക്കുന്ന ആളുകളിലേക്ക്  ഭക്ഷണവും മരുന്നും എത്തിക്കുന്നതുള്‍പ്പെടെയുള്ള  സാമൂഹ്യപ്രവര്‍ത്തങ്ങളില്‍  കൈരളിയുടെ  അറുനൂറോളം വോളണ്ടിയേഴ്സ് ഈ മഹാമാരിയുടെ കാലത്തും തിരക്കിലാണ്.

ലോക്ക്ഡൗണിനെ തുടര്‍ന്ന്  ജോലിയും വരുമാനവും  ഇല്ലാതായ  ബാര്‍ബര്‍ ഷോപ്പ് , ടൈലറിങ് ഷോപ്പ്, ബ്യൂട്ടീ പാര്‍ലര്‍ എന്നിവിടങ്ങളില്‍ ജോലിചെയ്തിരുന്ന  തൊഴിലാളികള്‍ക്കും വീട്ടുജോലിക്കാര്‍,  ചെറുകിട കണ്‍സ്ട്രക്ഷന്‍ തൊഴിലാളികള്‍ എന്നിവര്‍ക്കുമാണ് പ്രധാനമായും ഭക്ഷണവും മരുന്നും എത്തിക്കുന്നത്.  ഭാഷാ-ദേശ വ്യത്യാസങ്ങളില്ലാതെ വിശാലമായ മാനുഷിക സമീപനം  മാത്രം  മുന്‍നിര്‍ത്തിയാണ് കൈരളിയുടെ പ്രവര്‍ത്തനങ്ങള്‍. ലോക്ക്ഡൗണ്‍ പ്രതികൂലമായി ബാധിച്ചിരിക്കുന്ന ഈ അവസരത്തില്‍  സ്ഥിരമായി നാട്ടില്‍നിന്നും മരുന്ന് വരുത്തി കഴിച്ചിരുന്നവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഒമാനിലുള്ള ഡോക്ടര്‍മാരെയും ഫാര്‍മസിസ്റ്റുകളേയും  ഏകോപിപ്പിച്ചുകൊണ്ട്  'നോര്‍ക്ക മെഡിക്കല്‍ ടീമി'ന്റെ സഹായത്തോടെ കൈരളി ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. സാമ്പത്തികവിഷമം നേരിടുന്നവര്‍ക്ക് പറ്റാവുന്ന തരത്തില്‍ സൗജന്യമായി മരുന്നുകള്‍ എത്തിച്ചു നല്‍കാനും ശ്രമിച്ചുവരുന്നു.

ഇതോടൊപ്പം തന്നെ  കോവിഡ് രോഗ ബാധിതരെന്നു സംശയിക്കുന്നവരെ പരിശോധന കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും, രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ക്ക് ചികിത്സാകേന്ദ്രങ്ങളില്‍ നിന്ന് മികച്ച സേവനം ലഭ്യമാക്കുന്നതിനുമുള്ള  മാര്‍ഗനിര്‍ദ്ദേങ്ങള്‍ നല്‍കുക, രോഗികള്‍ക്കാവശ്യമായ കൗണ്‍സിലിംഗ് സര്‍വീസ് ഏര്‍പ്പെടുത്തിക്കൊടുക്കുക എന്നീ പ്രവര്‍ത്തനങ്ങളിലും സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക ഹെല്‍പ്ലൈനിലൂടെ കൈരളിയുടെ  വോളന്റിയര്‍മാര്‍  പ്രവര്‍ത്തിച്ചു വരികയാണെന്ന് കൈരളി നേതൃത്വം അറിയിച്ചു.

കോവിഡ്  ബാധിതരെ ചികിത്സിക്കാനായി സ്വന്തം  കുടുംബങ്ങളില്‍ നിന്നും അകന്നുമാറി സ്വയം ഐസൊലേഷനില്‍ കഴിഞ്ഞുകൊണ്ടു അഹോരാത്രം  സേവന സന്നദ്ധരായിട്ടുള്ള ഡോക്ടര്‍മാര്‍ നഴ്‌സുമാര്‍ തുടങ്ങിയവരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി എംബസ്സിയുടെ ഇടപെടല്‍ നടത്താനും കൈരളി മുന്‍കൈ എടുക്കുന്നുണ്ട്.

ഗള്‍ഫിലും നാട്ടിലും കോവിഡ്-19 വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ കാരണം വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസി ഇന്ത്യക്കാരില്‍ നാട്ടില്‍ തിരിച്ചെത്താനാവാതെ ദുരിതമനുഭവിക്കുന്നവര്‍ നിരവധിയാണ്. നാട്ടിലെത്തി വിവിധ മെഡിക്കല്‍/ ചികിത്സാ അത്യാവശ്യങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, ഇവിടെ ജോലി നഷ്ട്ടപ്പെട്ട് വരുമാനമില്ലാത്തവര്‍, വിസിറ്റിങ്ങിന് ഗള്‍ഫിലെത്തി തിരിച്ചുപോക്ക് അനിശ്ചിതത്വത്തിലായവര്‍, തുടര്‍പഠനത്തിനായുള്ള പരീക്ഷകളും മറ്റും എഴുതേണ്ടുന്ന വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെയുള്ള അത്യാവശ്യക്കാരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കേണ്ടതുണ്ട്.ഇവര്‍ക്കുള്ള യാത്രാസംവിധാനങ്ങള്‍ ഒരുക്കുന്നതിനായി  ഇന്ത്യന്‍ എംബസിയുമായും സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പുമായും നിരന്തരം ബന്ധപ്പെടാനും സമ്മര്‍ദ്ദം ചെലുത്താനും  കൈരളി നേതൃത്വം ശ്രമിച്ചു വരുന്നു.

കോവിഡ്-19 പ്രതിരോധത്തില്‍ ഒന്നാം സ്ഥാനത്തുള്ള കേരള സര്‍ക്കാര്‍ ഈ കാര്യത്തില്‍ അവരുടെ സന്നദ്ധത പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിനെക്കൂടി അനുകൂല നിലപാടെടുപ്പിക്കാനായി കൈരളി ഒമാന്റെ നേതൃത്വത്തില്‍ ഒരു ഒപ്പുശേഖരണ ക്യാമ്പയിന്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞതായും കൈരളി നേതൃത്വം അറിയിച്ചു.