മസ്‌കത്ത്:  മാര്‍ച്ച് 22ന് രാത്രിയുണ്ടായ മലവെള്ള പാച്ചലില്‍ വാഹനം ഒഴുക്കില്‍ പെട്ട് മരണമടഞ്ഞ കൊല്ലം സ്വദേശി സുജിത് സുപ്രസന്നന്റെയും കണ്ണൂര്‍ തലശ്ശേരി സ്വദേശി ബിജീഷിന്റെയും മൃതദേഹങ്ങള്‍ സാഹാര്‍ ശ്മശാനത്തില്‍ സംസ്‌കരിക്കുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി പി.എം. ജാബിര്‍ അറിയിച്ചു. 

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് ഭൗതിക ശരീരങ്ങള്‍ നാട്ടിലേക്ക് കൊണ്ടു പോവാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഒമാനില്‍ തന്നെ സംസ്‌കരിക്കുന്നത്. ഇത് സംബന്ധിച്ച അന്തിമ അനുമതി നാളെ രാവിലെ ലഭിക്കുമെന്നാണ് പ്രതീക്ഷ.

വാഹനം ഒഴുക്കില്‍ പെട്ടതറിഞ്ഞ ഉടന്‍ തിരച്ചില്‍ നടത്താന്‍ തയ്യാറായ റോയല്‍ ഒമാന്‍ പോലീസിനും ഒമാനിലെ മറ്റ് അധികാരികള്‍ക്കും ആവശ്യമായ ഇടപെടലുകള്‍ നടത്തിയ ഇന്ത്യന്‍ എമ്പസ്സിക്കും ഇതുമായി സഹകരിച്ച എല്ലാവര്‍ക്കും ജാബിര്‍ നന്ദി അറിയിച്ചു.