ദുബായ്: ഒമാനിലേക്ക് മടങ്ങാനൊരുങ്ങുന്ന പ്രവാസികള്‍ക്ക് തിരിച്ചടി. ഇന്ത്യക്കാര്‍ക്ക് ഒമാന്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ശനിയാഴ്ച മുതലാണ് വിലക്ക്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും ഒമാനില്‍ പ്രവേശിക്കാന്‍ കഴിയില്ല.

ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍ ആശങ്കാജനകമായി ഉയരുന്ന സാഹചര്യത്തിലാണ് ഒമാന്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ 24 വൈകിട്ട് ആറു മണി മുതല്‍ പ്രവേശന വിലക്ക് നിലവില്‍ വരും.  എത്ര ദിവസത്തേക്കാണ് പ്രവേശന വിലക്ക് എന്ന് വ്യക്തമാക്കിയിട്ടില്ല. സുപ്രീം കമ്മിറ്റിയാണ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവിറക്കിയത്. പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യക്കാര്‍ക്കും ഒമാന്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും ഉടനെയൊന്നും ഒമാനിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല.

ഇപ്പോള്‍ അവധിക്ക് കേരളത്തിലുള്ള നിരവധി പ്രവാസികള്‍ ഒമാനിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ്. അത്തരക്കാരുടെ യാത്ര അനിശ്ചിതമായി മുടങ്ങും. സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്ക് ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് പോകാന്‍ കഴിയുന്ന സാഹചര്യമില്ല. ഇപ്പോള്‍ ഒമാന്‍ കൂടി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതോടെ പ്രവാസികളുടെ തൊഴില്‍ പ്രതിസന്ധി കൂടും.

content highlights: oman imposes travel ban on india