മസ്‌കറ്റ് : പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് ഒമാൻ കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കുന്നു. ഒമാൻ സുപ്രീം കമ്മിറ്റിയുടേതാണ് തീരുമാനം. രാജ്യത്തിന് അകത്തേക്കും പുറത്തേക്കും യാത്രചെയ്യുന്നതിനും വാക്സിൻ നിർബന്ധമാക്കിയേക്കും. സർക്കാർ ഓഫീസുകളിൽ പ്രവേശിക്കാനും വാക്സിൻ നിർബന്ധമാക്കുന്ന കാര്യം സർക്കാരിന്റെ ആലോചനയിലാണ്. ഇതുസംബന്ധിച്ച പഠനങ്ങൾ നടക്കുകയാണെന്ന് സുപ്രീംകമ്മിറ്റി അറിയിച്ചു. കോവിഡ് വാക്സിനേഷൻ അതിവേഗത്തിൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള ഊർജിതശ്രമത്തിലാണ് ഒമാൻ ഭരണകൂടം. അതേസമയം ഒമാനിൽ ലോക്‌ഡൗൺ നിയന്ത്രണങ്ങൾ തുടരാൻ സുപ്രീംകമ്മിറ്റി തീരുമാനിച്ചു. ലോക്‌ഡൗൺ സമയം രാത്രി 10 മുതൽ പുലർച്ചെ നാലുമണിവരെയാക്കി പുനർനിർണയിച്ചു. വ്യാഴാഴ്ചമുതൽ പുതിയ സമയക്രമം നിലവിൽവരും.

ലോക്‌ഡൗൺ കോവിഡ് രോഗികളുടെ എണ്ണം കുറയാൻ കാരണമായെന്നാണ് വിലയിരുത്തൽ. പുതുതായി 563 പേരാണ് കോവിഡ് രോഗമുക്തരായതെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 2,78,195 ആയി. 322 പേർക്കുകൂടി രോഗം ബാധിച്ചതോടെ ആകെ രോഗികളുടെ എണ്ണം 2,95,857 ആയി. നിലവിൽ 618 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ തീവ്രപരിചരണവിഭാഗത്തിൽ 260 പേരാണുള്ളത്. 12 പേർകൂടി രോഗംബാധിച്ച് മരിച്ചതോടെ ആകെ മരണം 3814 ആയി.

അബുദാബിയിൽ ചിലയിടങ്ങളിൽ പ്രവേശനം വാക്‌സിനെടുത്താൽ മാത്രം;ഓഗസ്റ്റ് 20 മുതൽ പ്രാബല്യത്തിൽ

അബുദാബി : ചില പൊതുയിടങ്ങളിൽ ഓഗസ്റ്റ് 20 മുതൽ കോവിഡ് വാക്സിൻ എടുത്തവർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തും. അബുദാബിയിലെ ജനസംഖ്യയിൽ 93 ശതമാനംപേരും വാക്സിനേഷൻ സ്വീകരിച്ചുകഴിഞ്ഞതായി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി സ്ഥിരീകരിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയതീരുമാനം. ഷോപ്പിങ് മാളുകൾ, റെസ്റ്റോറന്റുകൾ, കോഫി ഷോപ്പ്, ജിമ്മുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവയാണ് പൊതുയിടങ്ങളിൽ ഉൾപ്പെടുക. ഹെൽത്ത് ക്ലബ്ബുകൾ, റിസോർട്ടുകൾ, മ്യൂസിയങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, സ്ഥാപനങ്ങൾ, സ്കൂളുകൾ, നഴ്‌സറികൾ എന്നിവയ്ക്കും തീരുമാനം ബാധകമാണ്. സൂപ്പർമാർക്കറ്റുകൾ, ഫാർമസി എന്നിവയെ ഇതിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്. 15 വയസ്സും അതിൽ താഴെയുള്ളവരും, വാക്സിൻ എടുക്കുന്നതിൽ ഇളവുള്ളവർ, എന്നിവർക്ക് ഇളവുണ്ട്. ഇവർ അൽ ഹൊസൻ ആപ്പിൽ രജിസ്റ്റർ ചെയ്തിരിക്കണം.

അതേസമയം യു.എ.ഇ.യിൽ കോവിഡ് കേസുകളിൽ അടുത്തിടെ വലിയകുറവ് രേഖപ്പെടുത്തി. പൊതുജനങ്ങൾ ആരോഗ്യ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചതുകൊണ്ട് പെരുന്നാൾ അവധികഴിഞ്ഞും കേസുകൾ വർധിച്ചില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

യു.എ.ഇ.യിൽ പുതുതായി 1550 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 1,508 പേർ സുഖം പ്രാപിക്കുകയും അഞ്ചുപേർ മരിക്കുകയും ചെയ്തതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പുതിയതായി നടത്തിയ 3,02,236 കോവിഡ് പരിശോധനകളിൽനിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകൾപ്രകാരം ആകെ 6,77,801 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 6,55,183 പേർ രോഗമുക്തരാവുകയും 1,939 പേർ മരിക്കുകയും ചെയ്തു. നിലവിൽ 20,679 പേർ ചികിത്സയിലുണ്ട്.