മസ്കറ്റ്: നടപ്പുസാമ്പത്തിക വർഷത്തിൽ ഒമാന്റെ ബജറ്റ് കമ്മിറ്റി കുറയുന്നു. ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ നിരക്ക് ഉയർന്നതോടെ ഒമാന്റെ സാമ്പത്തിക മേഖലയിലും ഇത് പ്രതിഫലിക്കുകയാണ്.

എണ്ണവില ബാരലിന് 50 ഡോളർ ശരാശരി കണ്ടാണ് വാർഷിക ബജറ്റിലെ വരുമാനം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, എണ്ണവില കുത്തനെ ഉയർന്നത് ഗുണകരമായി. മാസങ്ങളായി ഒമാൻ എണ്ണവില 70 ഡോളറിന് മുകളിൽ തുടരുകയാണ്. ബജറ്റിൽ കണക്കാക്കിയതിനെക്കാൾ 20 ഡോളറിലധികം കൂടുതലായി ലഭിക്കുന്നു. എണ്ണവില വർധിക്കുമ്പോഴുണ്ടാവുന്ന അധിക വരുമാനം ഏറെ വിവേകത്തോടെ ചെലവിടുകയാണ് ലക്ഷ്യമെന്ന് ദർവീഷ് ബിൻ ഇസ്മാഈൽ ബിൻ അലി അൽ ബലൂഷി വ്യക്തമാക്കിയിരുന്നു.

9.5 ബില്യൻ റിയാലിന്റെ വരുമാനമാണ് നടപ്പുസാമ്പത്തിക വർഷത്തിൽ സർക്കാർ പ്രതീക്ഷിക്കുന്നത്. 2017-നെ അപേക്ഷിച്ച് മൂന്ന് ശതമാനത്തിന്റെ വർധനയാണിത്. എണ്ണ മേഖലയിൽനിന്ന് 70 ശതമാനവും എണ്ണയിതര മേഖലയിൽനിന്ന് 30 ശതമാനവും. എണ്ണവില ഉയരുന്നതിനാൽ സർക്കാർ പ്രതീക്ഷിച്ചതിൽ കൂടുതൽ സാമ്പത്തിക മുന്നേറ്റം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.