മസ്‌കറ്റ്: ഒമാന്റെ 2018- ലെ പൊതുബജറ്റ് അവതരിപ്പിച്ചു. 12.5 ബില്യന്‍ ഒമാനി റിയാല്‍ ചെലവ് പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. സര്‍ക്കാറിന് 9.5 ബില്യന്‍ ഒമാനി റിയാല്‍ വരുമാനമുണ്ടാകുമെന്നും മൂന്ന് ബില്യന്‍ റിയാലിന്റെ കമ്മിയുണ്ടാകുമെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ ഒമ്പതാം പഞ്ചവത്സരപദ്ധതി മുന്നില്‍ക്കണ്ടുകൊണ്ട് അവതരിപ്പിച്ചിരിക്കുന്ന ബജറ്റ് വളരെ പ്രതീക്ഷ നല്‍കുന്നതാണെന്നും ഈ വര്‍ഷം കൂടുതല്‍ പുതിയപദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ അംഗീകാരം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് ബജറ്റ് പ്രഖ്യാപനമുണ്ടായത്.

2017-ലും മൂന്ന് ബില്യണ്‍ ഒമാനി റിയാലിന്റെ കമ്മിയായിരുന്നു ബഡ്ജറ്റിലുണ്ടായിരുന്നത്.

ബജറ്റ് വളരെ പ്രതീക്ഷയോടെയാണ് സ്വദേശികളും വിദേശികളും നോക്കി ക്കാണുന്നത്. ബജറ്റിലെ കമ്മിയായ മൂന്നു ബില്യണ്‍ ഒമാനി റിയാലില്‍ രണ്ടര ബില്യണ്‍ വിദേശ ആഭ്യന്തര വായ്പകളിലൂടെ സമാഹരിക്കും. ബാക്കി അഞ്ഞൂറ് ബില്യണ്‍ ഒമാനി റിയാല്‍ രാജ്യത്തിന്റെ കരുതല്‍ നിക്ഷേപത്തില്‍നിന്ന് പിന്‍വലിക്കും.

രാജ്യത്തിന്റെ വരുമാനത്തിന്റെ 70 ശതമാനം എണ്ണവ്യാപാരത്തില്‍ നിന്നാണ് പ്രതീക്ഷിക്കുന്നത്. ബാക്കി 30 ശതമാനം മറ്റു സ്രോതസ്സുകളില്‍നിന്ന് സമാഹരിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണവില ബാരലിന് 50 ഡോളര്‍ എന്ന നിരക്കിലാണ് ബജറ്റ് തയാറാക്കിയിട്ടുള്ളത്. എണ്ണവില വര്‍ധിക്കുന്നത് ഒമാന്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് അനുകൂലമായി മാറുകയും കമ്മി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. എണ്ണവില പഴയനിലയിലേക്ക് പതിയെ തിരിച്ചുവരുന്നതായുള്ള സൂചനകള്‍ ലഭിച്ചു തുടങ്ങിയതിനാല്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വരുമാനം വര്‍ധിക്കാനും സാധ്യതയുണ്ട്.