മസ്‌കറ്റ്: ഇനി മസ്കറ്റ് വിമാനത്താവളത്തെ സ്റ്റാമ്പുകൾ സ്കാൻ ചെയ്തും കാണാം. ഒമാൻ പോസ്റ്റും ഒമാൻ എയർപോർട്സും ചേർന്ന് പുറത്തിറക്കിയ സ്റ്റാമ്പുകളാണ് ശ്രദ്ധേയമാകുന്നത്. സ്റ്റാമ്പുകളിൽ നൽകിയിരിക്കുന്ന ബാർകോഡുകൾ സ്കാൻ ചെയ്ത് മസ്‌കറ്റ് വിമാനത്താവളത്തെക്കുറിച്ച് അറിയാൻ സാധിക്കുന്നെന്നതാണ് സ്റ്റാമ്പിന്റെ പ്രത്യേകത.

മസ്കറ്റ് വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ ഒമാൻ എയർപോർട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ശൈഖ് ഐമൻ ബിൻ അഹ്മദ് അൽ ഹുസ്‌നിയും ഒമാൻ പോസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുൽ മാലിക് അൽ ബലൂഷിയും സ്റ്റാമ്പുകൾ പുറത്തിറക്കി. ഒമാൻ പോസ്റ്റിന്റെ ഇ മെയിൽ വഴി ഇപ്പോൾ സ്റ്റാമ്പ് സ്വന്തമാക്കാനാകും. കഴിഞ്ഞമാസമാണ് മസ്കറ്റ്‌ അന്താരാഷ്ട്ര വിമാനത്താവളം ഔദ്യോഗികകമായി ഉദ്ഘാടനം ചെയ്തത്.

വിമാനത്താവളത്തിൽ കൂടുതൽ വികസനങ്ങൾ കൊണ്ടുവരുമെന്നും സാങ്കേതികസംവിധാനങ്ങളെ ഉപയോഗപ്പെടുത്തുമെന്നും ഗതാഗത വാർത്താ വിനിമയ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.