മസ്‌കറ്റ്: ഒമാനിലെത്തുന്ന വിദേശികളുടെ കൈവശം നിർബന്ധമായും ഇലക്‌ട്രോണിക് പാസ്‌പോർട്ട് ഉണ്ടായിരിക്കണമെന്ന് റോയൽ ഒമാൻ പോലീസ്. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ വിഭാഗത്തിന്റെ നിർദേശമാണിതെന്നും ഒമാൻ സന്ദർശിക്കുന്നവരും തൊഴിൽ വിസയിൽ എത്തുന്നവരും ഇലക്‌ട്രോണിക് പാസ്‌പോർട്ട് ഉപയോഗിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.

ചില വിദേശരാജ്യങ്ങളിൽ ഇപ്പോഴും കൈയെഴുത്ത് പാസ്‌പോർട്ട് ഉപയോഗിക്കുന്നുണ്ട്. ഇത്തരം രാഷ്ട്രങ്ങളിൽനിന്നുള്ളവർക്ക് ഒമാനിലെത്തുന്നതിന് പാസ്‌പോർട്ടുകൾ പ്രയാസം സൃഷ്ടിക്കും. ഒമാനിൽ വിസ അനുവദിക്കുന്നതിനും വിസ പുതുക്കുന്നതിനും ഇലക്‌ട്രോണിക് പാസ്‌പോർട്ട് നിർബന്ധമാണ്. രേഖകളിൽ തെറ്റുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിയമം കർശനമായി നടപ്പാക്കുന്നതെന്ന് റോയൽ ഒമാൻ പോലീസ് കുടിയേറ്റവിഭാഗം ഡയറക്ടർ ലെഫ്. കേണൽ ഹിലാൽ ബിൻ സൈദ് അൽ വഹൈബി വ്യക്തമാക്കി.

ഒമാനിൽ വിദേശികൾക്ക് അനുവദിക്കുന്ന വിസാ കാലാവധി രണ്ടുവർഷം മാത്രമാണ്. ഇതിൽ മാറ്റംവരുത്തിയിട്ടില്ല. വിദേശികളുടെ കുട്ടികൾക്ക് കുടുംബവിസ നൽകുന്നതിന് പ്രായപരിധി 21 വയസ്സാണെന്നും പോലീസ് അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ഇവയിൽ മാറ്റം വരുത്തിയിട്ടില്ലെന്നും പോലീസ് ഹിലാൽ ബിൻ സൈദ് അൽ വഹൈബി വ്യക്തമാക്കി.