മസ്കറ്റ്: കൺവെയർ ബെൽറ്റുകളിലൂടെ കടത്തിവിടാനാകാത്ത ലഗേജുകൾക്ക് അധികനിരക്ക് ഈടാക്കുമെന്ന് ഒമാൻ വിമാനത്താവള അധികൃതർ അറിയിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും ബാഗേജ് സേവനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയതീരുമാനം.

ചെറിയവലിപ്പത്തിലുള്ള പ്രത്യേക ലഗേജുകൾക്ക് രണ്ട്‌ റിയാൽ അഞ്ഞൂറ് ബൈസയും വലിയ ലഗേജുകൾക്ക് നാല് ഒമാനി റിയാലുമാണ് അധികമായി ഈടാക്കുക. 30 സെന്റീമീറ്റർ നീളവും എട്ടു സെന്റീമീറ്റർ വീതിയും 7.5 സെന്റീമീറ്റർ ഉയരവുമായിരിക്കണം ഓരോ ലഗേജിന്റെയും കുറഞ്ഞ വലിപ്പം. ഈ നിബന്ധന പാലിക്കാത്ത ലഗേജുകൾ പ്രത്യേകയിനത്തിൽ ഉൾപ്പെടുത്തും. കൺവെയർ ബെൽറ്റുകൾ മുഖേന സ്വീകരിക്കാൻ കഴിയാത്ത ലഗേജുകൾ, അധിക ജീവനക്കാരെ ഉപയോഗിച്ചാണ് കൈകാര്യം ചെയ്യുന്നത്. 43 ഇഞ്ച് സ്‌ക്രീൻ വലിപ്പമുള്ള ടെലിവിഷനുകൾ, ഫ്ളാറ്റ് പാനൽ ഡിസ്‌പ്ലേകൾ എന്നിവയ്ക്കും അധിക ഫീസ് നൽകണം.

വീൽച്ചെയറുകൾ, ഗോൾഫ് ബാഗുകൾ എന്നിവയ്ക്ക് പുറമെ വിമാന കമ്പനികൾ സൗജന്യമായി നൽകുന്ന പ്രത്യേക ലഗേജുകളെ പുതിയ ഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ക്രമരഹിതമായ രീതിയിൽ പായ്ക്ക് ചെയ്ത ലഗേജുകൾ കൊണ്ടുപോകുന്നതിന് 2017 സെപ്റ്റംബർ മുതൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, പുതിയ ലഗേജ് നിയമപ്രകാരം ഇവ കൊണ്ടുപോകാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മസ്കറ്റ്, സലാല, സൊഹാർ എന്നീ വിമാനത്താവളങ്ങളിൽ ഓഗസ്റ്റ് ഒന്നിന് പുതിയ ലഗേജുനിയമം നിലവിൽവന്നു.