മസ്‌കറ്റ്: ഒമാന്‍ 47-ാം ദേശീയദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാജ്യത്തുടനീളം വര്‍ണാഭമായ പരിപാടികളും ആഘോഷങ്ങളും നടന്നു. 1970-ലാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ഒമാന്റെ ഭരണം ഏറ്റെടുത്തത്. 47 വര്‍ഷം പിന്നിടുമ്പോള്‍ ഒമാന്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയ രാജ്യമായി മാറിക്കഴിഞ്ഞു.

മേഖലയിലെ ഏറ്റവും സമാധാനപൂര്‍ണമായ രാജ്യമായി നിലകൊള്ളാനും സര്‍വമേഖലകളിലും പുരോഗതി കൈവരിക്കാനും സുല്‍ത്താന്‍ ഖാബൂസിന്റെ നേതൃത്വത്തില്‍ രാജ്യത്തിന് സാധിച്ചിട്ടുണ്ട്. എണ്ണ മേഖലയില്‍നിന്നുമുള്ള വരുമാനം കുറഞ്ഞതോടെ ജി.സി.സി. രാജ്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടെങ്കിലും ഒമാന്‍ ഭരണാധികാരിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികള്‍ ഒമാന് കരുത്തായി.

ടൂറിസവും അനുബന്ധമേഖലകളിലെ വികസനവും കൈമുതലാക്കി ഒമാനി ജനത മികച്ച ജീവിതനിലവാരം ഉറപ്പാക്കി കഴിഞ്ഞു. ദേശീയ ദിനത്തോടനുബന്ധിച്ച് 257 തടവുകാര്‍ക്ക് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് പൊതുമാപ്പ് നല്‍കി. ഇതില്‍ 131 പേര്‍ വിദേശികളാണ്. ദേശീയദിന ആഘോഷ പരിപാടികള്‍ ഈ മാസം 30-വരെ നീണ്ടുനില്‍ക്കും.