മസ്‌കറ്റ് : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം പതിനെട്ടാമത് 'എന്റെ കേരളം എന്റെ മലയാളം വിജ്ഞാനോത്സവം' ഓണ്‍ലൈന്‍ ആയി സംഘടിപ്പിച്ചു. വയലാര്‍ അവാര്‍ഡും കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള കേരളത്തിലെ പ്രമുഖ കവിയും പത്രപ്രവര്‍ത്തകനുമായ ശ്രീ ഏഴാച്ചേരി രാമചന്ദ്രനാണ് വിജ്ഞാനോത്സവം ഉദ്ഘാടനം ചെയ്തത്.
കഥകളും കവിതകളും കൊണ്ട് സമ്പന്നമായിരുന്നു ഒരു ഭൂതകാലം നമ്മുടെ കുട്ടികള്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ യന്ത്ര നാഗരികതയിലൂടെ സഞ്ചരിച്ച്, ചാനലുകളുടെ അടിമകളായി കുട്ടികള്‍ കൃത്രിമ സസ്യങ്ങളെ പോലെ ആയി മാറുന്നോ എന്ന സംശയം ശ്രീ ഏഴാച്ചേരി പങ്കുവച്ചു.
കുട്ടികളുടെ സര്‍ഗ്ഗവാസന മനസ്സിലാക്കി അവരെ ആ വഴിയിലൂടെ നയിക്കാന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സാധിക്കേണ്ടതുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ വായനയുടെ പ്രിയപ്പെട്ട അടിമകളായി കുഞ്ഞുങ്ങള്‍ മാറേണ്ടതുണ്ട്. അങ്ങനെ പരന്ന വായനയിലൂടെ, ശാസ്ത്രം നല്‍കിയ ചിറകുകളിലൂടെ സഞ്ചരിച്ച് അവര്‍ ഉത്തമ പൗരന്മാരായി വളരട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
രാജേഷ് മാസ്റ്റര്‍ ആയിരുന്നു ഇത്തവണത്തെ ക്വിസ് നയിച്ചത്. ലോകകേരളസഭാ അംഗവും പ്രവാസി ക്ഷേമനിധി ഡയരക്ടറുമായ പി.എം. ജാബിര്‍ ആശംസകള്‍ നേര്‍ന്നു .
ഒമാനിലെ ഇരുപത്തൊന്നു ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ഥികള്‍ ഇത്തവണത്തെ വിജ്ഞാനോത്സവത്തില്‍ പങ്കെടുത്തു. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി മൂന്ന് ഘട്ടങ്ങളായി സംഘടിപ്പിച്ച മത്സരത്തില്‍, ജൂനിയര്‍ വിഭാഗത്തില്‍ മബേല ഇന്ത്യന്‍ സ്‌കൂളിലെ അവന്തിക എസ് എസ് ഒന്നാം സ്ഥാനവും ദാര്‍സൈറ്റ് ഇന്ത്യന്‍ സ്‌കൂളിലെ എസ് പൂര്‍ണ്ണശ്രീ രണ്ടാം സ്ഥാനവും മസ്‌ക്കറ്റ് ഇന്ത്യന്‍ സ്‌കൂളിലെ അനന്യ ബിനു നായര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയര്‍ വിഭാഗത്തില്‍ ഗോബ്ര ഇന്ത്യന്‍ സ്‌കൂളിലെ നിരഞ്ജന്‍ ജിതേഷ്‌കുമാര്‍ ഒന്നാം സ്ഥാനവും ദാര്‍സൈറ്റ് ഇന്ത്യന്‍ സ്‌കൂളിലെ നിവേദിത എ.ആര്‍ രണ്ടാം സ്ഥാനവും അതെ സകൂളിലെ ലാവണ്യ രാജന്‍, ഗംഗ കെ ഗിരീഷ് എന്നിവര്‍ മൂന്നാംസ്ഥാനവും പങ്കിട്ടു.
വാര്‍ത്ത - ബിജു, വെണ്ണിക്കുളം.