മസ്‌കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്റെ 2019ലെ എന്റെ കേരളം മലയാളം പ്രശ്‌നോത്തരിയില്‍ സീനിയര്‍ വിഭാഗത്തില്‍ ആതിരാ ഉണ്ണി, പ്രവീണ കെ, ആന്ത്രിയ മരിയ എന്നിവര്‍ നയിച്ച മബേലാ ഇന്ത്യന്‍ സ്‌കൂള്‍ ജേതാക്കളായി. നിവേദിത എ.ആര്‍, ഗംഗാ കെ ഗിരീഷ്, പ്രണവ് വിനോദ് എന്നിവര്‍ നയിച്ച ഇന്ത്യന്‍ സ്‌കൂള്‍ ദാര്‍സൈറ്റ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
നവംബര്‍ 29ന് ഐ.എസ്.സി മര്‍ട്ടി പര്‍പ്പസ് ഹാളില്‍ നടന്ന ഏറെ ആവേശകരമായ മത്സരം പ്രശസ്ത മലയാള ക്വിസ് മാസ്റ്റര്‍ പി. പ്രേമചന്ദ്രന്‍ മാസ്റ്റര്‍ നയിച്ചു. കേരള സംസ്ഥാന സ്‌കൂള്‍ കരിക്കുലം ബോര്‍ഡ് അംഗവും ചലച്ചിത്രോത്സവ സംഘാടകനുമാണ് പ്രേമചന്ദ്രന്‍.
ആദ്യം നടന്ന ജൂനിയര്‍ വിഭാഗം മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഇന്ത്യന്‍ സ്‌കൂള്‍ അല്‍ ഗൂബ്ര നേടി. പവിത്രാ നായര്‍, നയന്‍ ജിതേഷ്, സ്‌നേഹാ പികെ എന്നിവരുടെ ടീം ഒന്നാം സ്ഥാനവും വൈഗാ ഹരി, വൈഷ്ണവ് പ്രശാന്ത് അപര്‍ണ്ണാ പ്രവീണ്‍ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി 25 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക റൗണ്ടില്‍ ഏറ്റവും കൂടുതല്‍ പോയിന്റ്റുകള്‍ കരസ്ഥമാക്കിയ ആറു ടീമുകളാണ് ഫൈനല്‍ റൗണ്ടുകളിലേക്ക് യോഗ്യത നേടിയത്.
ഒമാനിലെ പത്തോളം ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നും നൂറില്‍ പരം ടീമുകളിലായി മുന്നൂറിലധികം മത്സരാര്‍ഥികളാണ് പങ്കെടുത്തത്. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സ്‌കൂളുകള്‍ക്കും പ്രത്യേക ട്രോഫികള്‍ നല്‍കുകയുണ്ടായി. ഏറ്റവും കൂടുതല്‍ മത്സരാര്‍ഥികളെ പങ്കെടുപ്പിച്ചതിനുള്ള ട്രോഫി ഇന്ത്യന്‍ സ്‌കൂള്‍ ദാര്‍സൈറ്റ് കരസ്ഥമാക്കി. വിജയികള്‍ക്ക് മലയാള വിഭാഗം കണ്‍വീനര്‍ ഏബ്രഹാം മാത്യുവും ക്വിസ് മാസ്റ്റര്‍ പ്രേമചന്ദ്രനും സമ്മാനദാനം നിര്‍വഹിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി ഇ.ജി മധുസൂദനന്‍, കോ -കണ്‍വീനര്‍ പി.ശ്രീകുമാര്‍, ജോ.സെക്രട്ടറി മനോഹരന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.