മസ്‌കറ്റ്: ആഗോള വിപണിയില്‍ എണ്ണവിലയിടിവ് അനുഭവപ്പെട്ടപ്പോഴും ഒമാനില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ അഞ്ചുലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ ഉണ്ടായതായി ദേശീയ സ്ഥിതിവിവര മന്ത്രാലയം.

സ്വദേശികളോടൊപ്പം ധാരാളം വിദേശികള്‍ക്കും ഈ കാലയളവില്‍ തൊഴില്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സര്‍ക്കാര്‍ സാമ്പത്തികരംഗത്ത് കൂടുതല്‍ വൈവിധ്യവത്കരണം നടപ്പാക്കിയത് നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു.

തൊഴിലാളികളില്‍ കൂടുതല്‍ പേരും വിദേശികളാണെങ്കിലും സ്വദേശിവത്കരണ നടപടികള്‍ ശക്തമാക്കിയതോടെ സ്വദേശികളും നിരവധി തസ്തികകകളില്‍ നിയമിതരായിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ നിയമിതരായതും ഈ കാലയളവിലാണ്.
 
ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2016-ല്‍ ഒമാനിലെ തൊഴിലാളികളുടെ എണ്ണം 22,55,000 ആയി ഉയര്‍ന്നിട്ടുണ്ട്. 2012-ല്‍ ഇത് 16,80,000 ആയിരുന്നു. നാല് വര്‍ഷത്തിനിടെ 5,75,000 പേരുടെ വര്‍ധന രണ്ട് മേഖലകളുമായി ഉണ്ടായിട്ടുണ്ട്.
 
സാമ്പത്തിക മേഖലയില്‍ വൈവിധ്യവത്കരണം കൊണ്ടുവന്ന് വരുമാനം വര്‍ധിപ്പിച്ചതും രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ കൂടാന്‍ സഹായകമായി.
 
ഇതിനുപുറമെ പുതിയ 25,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ കൗണ്‍സില്‍ തീരുമാനിക്കുകയും ഈ മാസം ഇതിനായുള്ള പ്രാഥമിക നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

2012-2016 കാലയളവില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ 2,33,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ 39,235 നിയമനങ്ങള്‍ നടന്നു.