മസ്‌കറ്റ്: ഞായറാഴ്ച വൈകീട്ട് മസ്‌കറ്റിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്‍ ഭരണകൂടവും ഇന്ത്യന്‍ പ്രവാസിസമൂഹവും ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്. പ്രാദേശിക സമയം അഞ്ചുമണിയോടെ എത്തിയ പ്രധാനമന്ത്രിയെ ഒമാന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സൈദ് മസ്‌കറ്റ് വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. കാബിനറ്റ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ സന്നിഹിതരായിരുന്നു. പിന്നീട് ബോഷര്‍ സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് സമുച്ചയത്തിലെത്തിയ അദ്ദേഹത്തെ ഇന്ത്യന്‍ പ്രവാസികള്‍ ആവേശത്തോടെയാണ് വരവേറ്റത്.

ഭരണാധികാരിയുടെ റോയല്‍ ബോക്‌സില്‍ നിന്നുകൊണ്ടാണ് മോദി 25,000-ത്തോളംവരുന്ന പ്രവാസികളെ അഭിസംബോധന ചെയ്തത്. പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസാണ് റോയല്‍ ബോക്‌സില്‍നിന്ന് സംസാരിക്കാനുള്ള ബഹുമതി നല്‍കിയത്. ഇന്ത്യയുടെ വികസനപദ്ധതികളെക്കുറിച്ചും ഭാവിപരിപാടികളെക്കുറിച്ചുമാണ് മോദി പ്രധാനമായും സംസാരിച്ചത്.
 
ജനങ്ങള്‍ക്ക് മികച്ച സേവനമൊരുക്കാനാണ് ഗവണ്മെന്റിന്റെ ശ്രമം. 'മിനിമം ഗവണ്‍മെന്റ്, മാക്‌സിമം ഗവേണന്‍സ്' എന്നതാണ് പുതിയ മുദ്രാവാക്യം. പരമാവധി സേവനങ്ങള്‍ ഓണ്‍ലൈനായി നല്‍കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി ഇല്ലാത്ത ഇന്ത്യയാണ് പുതിയ ഇന്ത്യയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒമാനുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്രാപിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച കാലത്ത് ഒമാന്‍ വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ബിസിനസ് മീറ്റില്‍ പങ്കെടുക്കും. തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മോസ്‌കും മസ്‌കറ്റിലെ ശിവക്ഷേത്രവും മോദി സന്ദര്‍ശിക്കും.