മസ്‌കറ്റ്: സഹൃദയര്‍ ഇല്ലാതാവുന്നതിനാലാണ് മനുഷ്യനുമീതെ വര്‍ഗീയശക്തികള്‍ പിടിമുറുക്കുന്നതെന്ന് എഴുത്തുകാരനായ വി.ആര്‍. സുധീഷ് പറഞ്ഞു. മനുഷ്യന്‍ എന്താണെന്ന് പുതുതലമുറയെ നമുക്ക് പഠിപ്പിക്കേണ്ടിവരും. അത്രമാത്രം അവര്‍ സമൂഹത്തില്‍നിന്ന് അകന്നിരിക്കുന്നു. മാറുന്നജീവിതത്തെ തിരുത്തുകയാണ് മനുഷ്യക്കൂട്ടായ്മകളുടെ ഇന്നത്തെ പ്രധാനധര്‍മമെന്നും അദ്ദേഹം പറഞ്ഞു.

ഒമാനിലെ വടകരനിവാസികളുടെ കൂട്ടായ്മയായ വടകര സഹൃദയവേദി സംഘടിപ്പിച്ച ഓണാഘോഷത്തില്‍ സാംസ്‌കാരികസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഷമീര്‍ പി.ടി.കെ. അധ്യക്ഷതവഹിച്ചു. വ്യവസായപ്രമുഖനായ വി.ടി. വിനോദന്‍, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് മലയാളം വിഭാഗം കണ്‍വീനര്‍ ടി. ഭാസ്‌കരന്‍, ഭാവലയ ചെയര്‍മാന്‍ ഡോ. രത്‌നകുമാര്‍, ജനറല്‍ സെക്രട്ടറി സുനില്‍കുമാര്‍. ഖജാന്‍ജി മൊയ്തു വെങ്ങിലാട്ട് എന്നിവര്‍ സംസാരിച്ചു.

അഭി ചാത്തന്നൂര്‍ അവതരിപ്പിച്ച കോമഡിഷോ, വടകര സഹൃദയവേദി അംഗങ്ങള്‍ അവതരിപ്പിച്ച തിരുവാതിരക്കളി, നൃത്തനൃത്യങ്ങള്‍, സംഗീതസദസ്സ്, മസ്‌കറ്റ് ഞാറ്റുവേലക്കൂട്ടം അവതരിപ്പിച്ച നാടന്‍പാട്ട് എന്നിവ അരങ്ങേറി.