മസ്‌കത്ത്: മസ്‌കത്ത് കെഎംസിസി ഏര്‍പ്പെടുത്തിയആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം നാളെ രാവിലെ 8 മണിക്ക് കോഴിക്കോടേക്ക് പുറപ്പെടും. ഒമാനില്‍ നിന്നും ഇന്ത്യന്‍ പ്രവാസി സംഘടനയുടെ നേതൃത്വത്തിലുള്ള ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം ആണിത്. 180 യാത്രക്കാരുമായി സലാം എയറിന്റെ വിമാനം ഉച്ചക്ക് 1മണിക്ക്  കോഴിക്കോട് എത്തും.

കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ പ്രഖ്യാപിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വന്ദേ ഭാരത് മിഷന്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നിരക്കിനു തുല്യമായ നിരക്കിലാണ് ടിക്കറ്റുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ കേരളത്തില്‍ എത്തുന്ന ജിസിസിയില്‍ നിന്നുള്ള ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം ആണ് ഇത്. 

61 രോഗികള്‍, 17 കുട്ടികള്‍, 24 ഗര്‍ഭിണികള്‍, 24 വിസ കാലാവധി കഴിഞ്ഞവര്‍, ബന്ധുക്കളുടെ മരണവുമായി ബന്ധപെട്ടു നാട്ടില്‍ എത്തേണ്ടവര്‍, തൊഴില്‍ നഷ്ടമായവരും ടിക്കറ്റ് ചാര്‍ജ് വഹിക്കാന്‍ കഴിയാത്തവരും അടങ്ങിയതാണ് യാത്രക്കാര്‍. മുപ്പതു കിലോ ലഗേജിന് പുറമെ ഏഴു കിലോ ഹാന്‍ഡ് ബാഗും ഉള്‍പ്പെടെയാണ് കുറഞ്ഞ നിരക്കിലുള്ള കെഎംസിസി വിമാനം. 

മുന്‍ വിദേശകാര്യ സഹമന്ത്രി ഈ അഹമ്മദിന്റെ മകനും മസ്‌കത് കെഎംസിസി പ്രസിഡന്റും ആയ റയീസ് അഹ്മദിന്റെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലിലൂടെയാണ് ചാര്‍ട്ടേര്‍ഡ് വിമാനം യാഥാര്‍ഥ്യമായത്. മസ്‌കറ്റ് കെഎംസിസി ജനറല്‍ സെക്രട്ടറി റഹീം വറ്റല്ലൂരിന്റെ നേതൃത്വത്തില്‍ നടന്ന കോര്‍ഡിനേഷന്‍ ആണ് യാത്രികരുടെ സഞ്ചാരം വേഗത്തില്‍ ആക്കാന്‍ സഹായിച്ചത്. 

ടിക്കറ്റ് തുക സമര്‍പ്പിച്ചവരും യാത്രാ അനുമതി ലഭിച്ചവരും രാവിലെ 4 മണിക്ക് തന്നെ ബന്ധപ്പെട്ട രേഖകളോടെ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നു മസ്‌കറ്റ് കെ എം സി സി കേന്ദ്ര കമ്മിറ്റി ട്രെഷററും കോവിഡ് കര്‍മ്മ സമിതി ചീഫ് കോര്‍ഡിനേറ്ററും ആയ കെ. യൂസുഫ് സലീം അറിയിച്ചു.

Content Highlights: KMCC charter flight from Oman to Kozhikode