മസ്‌കറ്റ്: ബിസിനസ് പ്രമുഖനും ഖിംജി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനുമായ കനക്‌സി ഗോകല്‍ദാസ് ഖിംജി (85) അന്തരിച്ചു. ഇന്ത്യന്‍ സമൂഹത്തിന്റെ പിതൃസ്ഥാനനീയനായിരുന്ന ഖിംജി ഉഭയകക്ഷി പങ്കാളിത്തത്തിന് വലിയ സംഭാവനകള്‍ നല്‍കിയെന്ന് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി മുനു മാഹാവര്‍ പറഞ്ഞു.

1936-ല്‍ മസ്‌ക്കറ്റില്‍ ജനിച്ച കനക്‌സി ഖിംജി മുംബൈയിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അഞ്ചു പതിറ്റാണ്ടോളം വ്യവസായ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹത്തിന് സമൂഹത്തിന്റേയും സമ്പദ് വ്യവസ്ഥയുടേയും വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഒമാനി പൗരത്വം നല്‍കിയിട്ടുണ്ട്. 1970ലാണ് 144 വര്‍ഷത്തോളം പഴക്കമുള്ള കുടുംബ ബിസിനസിന്റെ നേതൃസ്ഥാനം ഏറ്റെടുത്തത്.

ഒമാനിലെയും ഇന്ത്യയിലെയും സാമൂഹിക പ്രവര്‍ത്തനങ്ങളോടുള്ള തീക്ഷ്ണമായ പ്രതിബദ്ധതയെ മാനിച്ച് ഗള്‍ഫ് മേഖലയില്‍ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ലഭിച്ച ആദ്യത്തെ വ്യക്തി കൂടിയാണ് കനക്‌സി.

1975 ല്‍ മസ്‌കറ്റില്‍ ഒമാനിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം ഇന്ത്യന്‍ സ്‌കൂള്‍ സ്ഥാപിക്കുന്നതില്‍ കനക്‌സി പ്രധാന പങ്കുവഹിച്ചു. കനക്‌സി ഗോകല്‍ദാസ് ഖിംജിയോടുള്ള ബഹുമാനാര്‍ത്ഥം എല്ലാ സ്‌കൂളുകളും ഇന്ന് അടച്ചിടുമെന്ന് ഇന്ത്യന്‍ സ്‌കൂളുകള്‍ പ്രസ്താവന ഇറക്കിയിട്ടുണ്ട്.

Content Highlights: Kanaksi Khimji passes away