മസ്‌കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം ഒരു ഇടവേളക്ക് ശേഷം ഒരുക്കിയ മുഴുനീള നാടകം 'അടുക്കള' മസ്‌കറ്റിലെ റൂവി അല്‍ ഫലാജ് ഹോട്ടലിലെ ഗ്രാന്റ് ഹാളില്‍ അരങ്ങേറി. എന്‍ ശശിധരന്‍ രചിച്ച  നാടകത്തിനു രംഗാവിഷ്‌കാരമൊരുക്കിയത് മസ്‌കറ്റിലെ പ്രശസ്ത നാടക പ്രവര്‍ത്തകന്‍ പത്മനാഭന്‍ തലോറയാണ്.

കപടസദാചാരസങ്കല്‍പ്പങ്ങളും ഹൃദയശ്യൂന്യമായ സ്ത്രീപുരുഷബന്ധങ്ങളും കൊണ്ട് മലയാളി കെട്ടിപ്പൊക്കിയ ഒരു ജീവിതവ്യവസ്ഥയെ ഏറെ അസ്വസ്ഥമാക്കാനിടയുള്ള ഒരു സൃഷ്ടിയായിരുന്നു 'അടുക്കള'. പ്രവാസികളായ കലാകാരന്‍മാര്‍ കാണികളുടെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി.

ഷീനയും സുനില്‍ ദത്തും മുഖ്യ വേഷമിട്ട നാടകത്തില്‍ എന്‍ പി മുരളി, വേണുഗോപാല്‍, രെഞ്ജു അനു, സൗമ്യ വിനോദ്, അനുപമ സന്തോഷ്, ദിനേശ് എങ്ങൂര്‍, മോഹന്‍ കരിവെള്ളൂര്‍, വിനോദ് ഗുരുവായൂര്‍, മാസ്റ്റര്‍ ഹൃദത് സന്തോഷ്, കുമാരി ഇഷാനി വിനോദ്, കുമാരി വാമിക വിനോദ്  എന്നിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പ്രതാപ് പാടിയില്‍ വെളിച്ചവും രാജീവ് കീഴറ ശബ്ദ നിയന്ത്രണവും സംഗീതം സതീഷ് കണ്ണൂരും നല്‍കി. രംഗപടമൊരുക്കിയത് റെജി പുത്തൂരായിരുന്നു.

മസ്‌കറ്റിലെ നാടക വേദിയില്‍ സജീവമായിരുന്ന കേരള വിഭാഗം, മുന്‍ കാലങ്ങളില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സംഘടിപ്പിച്ചിരുന്ന നാടകോത്സവങ്ങളില്‍ സജീവമായി പങ്കെടുത്തു വന്നിരുന്നു. കേരള സംഗീത നാടക അക്കാദമി മസ്‌കറ്റില്‍ സംഘടിപ്പിച്ച നാടക മത്സരത്തിലും പ്രേക്ഷക ശ്രദ്ധ നേടിയ നാടകം അവതരിപ്പിക്കുവാന്‍ കേരള വിഭാഗത്തിന് കഴിഞ്ഞിരുന്നു.    

ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ബേബി സാം, സ്‌കൂള്‍ ബോര്‍ഡ് മുന്‍ ഫിനാന്‍സ് ഡയരക്ടര്‍ അംബുജാക്ഷന്‍, സംഘാടക സമിതി വൈസ് ചെയര്‍മാന്‍ കെ ബാലകൃഷ്ണന്‍, കേരള വിഭാഗം കോ കണ്‍വീനര്‍ പ്രസാദ്, സംഘാടക സമിതി കണ്‍വീന്‍ റെജു മറക്കാത്ത്, മലയാളം മിഷന്‍ ചീഫ് കോ ഓര്‍ഡിനേറ്റര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ കലാകാരന്‍മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ഫലകങ്ങള്‍ നല്‍കി ആദരിച്ചു.

Content Highlights: Indian Social Club's Malayalam Wing in Oman