മസ്‌കറ്റ്: നാല് പശ്ചിമേഷ്യന്‍രാജ്യങ്ങളിലായി നാലുദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ഡല്‍ഹിയിലേക്ക് തിരിച്ചു.

പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒമാനുമായി എട്ട് ധാരണാപത്രങ്ങളില്‍ ഇന്ത്യന്‍ പ്രതിനിധിസംഘം ഒപ്പിട്ടു. ഞായറാഴ്ച രാത്രി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസുമായി കൂടിക്കാഴ്ച നടത്തിയ മോദി തിങ്കളാഴ്ച കാലത്ത് ഒമാന്റെ ഉപ പ്രധാനമന്ത്രി സയീദ് അസാദ് ബിന്‍ താരിഖ് അല്‍ സൈദുമായും ചര്‍ച്ച നടത്തി. തുടര്‍ന്ന് മസ്‌കറ്റിലെ ശിവക്ഷേത്രവും സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മോസ്‌കും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. നേരത്തേ ഒമാനിലെ പ്രമുഖ ബിസിനസ് സംരംഭകര്‍ പങ്കെടുത്ത ബിസിനസ് സംഗമത്തിലും മോദി പങ്കെടുത്തിരുന്നു.

വ്യാപാരം, നിക്ഷേപം, ഊര്‍ജം, പ്രതിരോധവും സുരക്ഷിതത്വവും, ഭക്ഷ്യ സുരക്ഷ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താന്‍ ധാരണാപത്രങ്ങള്‍ക്ക് രൂപംനല്‍കിയത്. സിവില്‍-വാണിജ്യ കാര്യങ്ങളില്‍ നിയമപരമായ സഹകരണം, നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെ ഔദ്യോഗിക പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വിസാ ഇളവ്, ആരോഗ്യരംഗത്തെ സഹകരണം, ബഹിരാകാശം സമാധാനദൗത്യങ്ങള്‍ക്കായി ഉപയോഗിക്കുക, വിനോദസഞ്ചാരം വര്‍ധിപ്പിക്കുക, സൈനികസഹകരണം എന്നീ വിഷയങ്ങളിലാണ് ധാരണാപത്രങ്ങള്‍.

109 വര്‍ഷംമുന്‍പ് ഗുജറാത്തില്‍നിന്നുള്ള ഒരു വ്യാപാരിയാണ് മസ്‌കറ്റിലെ ശിവക്ഷേത്രം പണിതത്. ക്ഷേത്രത്തിലെത്തിയ മോദി അവിടെ പ്രാര്‍ഥിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവുംനല്ല സന്ദര്‍ശനങ്ങളിലൊന്നായി ഒമാനിലെ പര്യടനം ഓര്‍ക്കുമെന്ന് മോദി പിന്നീട് ട്വിറ്ററില്‍ കുറിച്ചു.