മസ്‌കത്ത്: കോവിഡ് പ്രതിരോധത്തിലും ലോക്ഡൗണ്‍ പ്രതിസന്ധികളെ നേരിടുന്നതിലും ഗള്‍ഫ് രാജ്യങ്ങളില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ഐ.സി.എഫ്. സന്നദ്ധസേവകരെ അനുമോദിക്കുന്നതിനായി വിപുലമായ സമ്മേളനം ഒരുക്കുന്നു. ഓഗസ്റ്റ് 7 ന് ഇന്ത്യന്‍ സമയം വൈകീട്ട് നാലുമണിക്ക് ഓണ്‍ലൈനില്‍ നടക്കുന്ന സമ്മേളനത്തില്‍ ആയിരങ്ങള്‍ സംബന്ധിക്കും.
അന്നവും അഭയവും നല്‍കുന്ന ഗള്‍ഫ് രാജ്യങ്ങളിലെ ഭരണകൂടത്തോടും ഔദ്യോഗിക സംവിധാനങ്ങളോടും സഹകരിച്ചും പിന്തുണ നല്‍കിയും പ്രയാസമനുഭവിക്കുന്ന പതിനായിരങ്ങള്‍ക്കാണ് ഐ സി എഫ് കോവിഡ് കാലത്ത് സ്തുത്യര്‍ഹമായ സേവന പ്രവര്‍ത്തനങ്ങള്‍ എത്തിച്ചത്. സാന്ത്വനമേകാന്‍ വൈവിധ്യമാര്‍ന്ന സേവന പദ്ധതികള്‍ക്കായിരുന്നു ഐ സി എഫ് രൂപം നല്‍കിയത്. സഊദി, യു എ ഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സേവനം ലഭ്യമാക്കാനും ക്ഷേമ, സേവന വകുപ്പുകളുടെ കീഴില്‍ പ്രത്യേക പദ്ധതി രൂപീകരിക്കുകയും അത് നടപ്പിലാക്കുന്നതിന് സഫ്വാ എന്ന പേരിലുള്ള വളണ്ടിയര്‍ വിങ്ങിനെ ഉപയോഗപ്പെടുത്തിയുമാണ് പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാന്‍ സംഘടന പ്രവര്‍ത്തിച്ചത്. പ്രസ്തുത കാലയളവില്‍ ദുരന്തഭൂമിയില്‍ സേവനം ചെയ്തവര്‍, സഹകാരികള്‍, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവരെ ആദരിക്കുന്നതിനാണ് വിപുലമായ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ ടി ജലീല്‍, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍മാരായ ഒ.വി. മുസ്തഫ യു എ ഇ, സി വി. റപ്പായ് ഖത്തര്‍, അജിത് കുമാര്‍ കുവൈത്ത്, ലോക കേരളം സഭ അംഗം വി.കെ. റഊഫ് സൗദി, ഇന്റര്‍നാഷണല്‍ ഗാന്ധിയന്‍ തോട്‌സ് ചെയര്‍മാന്‍ എന്‍.ഒ. ഉമ്മന്‍ ഒമാന്‍, പ്രവാസി കമ്മീഷന്‍ മെംബര്‍ സുബൈര്‍ കണ്ണൂര്‍ ബഹ്‌റൈന്‍, ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ ഭാരവാഹികളായ സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍, മമ്പാട് അബ്ദുല്‍ അസീസ് സഖാഫി തുടങ്ങി സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.
സല്യൂഡസ് എന്ന പേരില്‍ സൂം ഓണ്‍ലൈന്‍ (ഐഡി: 333 3437343) വഴി നടക്കുന്ന പ്രത്യേക പരിപാടിയുടെ ലൈവ് ബ്രോഡ്കാസ്റ്റിംഗ് ഐ സി എഫ് ഫെയ്സ്ബുക്ക് പേജിലും (facebook.com/icfgulf) ലഭ്യമാവും.