മസ്‌കത്ത്: അറബിക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം മൂലം ഒമാനില്‍ വെള്ളിയാഴ്ച മുതല്‍ കനത്ത മഴക്ക് സാധ്യത. ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും മഴയുണ്ടാകാനാണ് സാധ്യതയെന്ന് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അറിയിച്ചു. 40 മില്ലിമീറ്റര്‍ മുതല്‍ 100 മില്ലീമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. 

മസ്‌കത്ത്, ശര്‍ഖിയ, ദാഖിലിയ, ബാത്തിന, ദാഹിറ, ബുറൈമി, അല്‍ വുസ്ത എന്നിവിടങ്ങളിലാണ് ശക്തമായ മഴക്ക് സാധ്യതയുള്ളത്. ശനിയാഴ്ച മഴ രൂക്ഷമാകും. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. തിരമാലകള്‍ അഞ്ച് മീറ്റര്‍ വരെ ഉയരാം. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. 

വാദികള്‍ മുറിച്ചുകടക്കുമ്പോള്‍ സുരക്ഷാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വാഹനമോടിക്കുന്നവര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. തിങ്കളാഴ്ച വരെ കാറ്റും മഴയും തുടരും.