ഫുജൈറ: ഫുജൈറയില്‍ വീട്ടില്‍ തീ പിടുത്തമുണ്ടായതിനെത്തുടര്‍ന്ന്  പുക ശ്വസിച്ച് ഏഴു കുട്ടികള്‍ മരിച്ചു. റുല്‍ ദാദന പ്രദേശത്തെ ഇമറാത്തി കുടുംബത്തിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അഞ്ചു മുതല്‍ പതിമൂന്നു വയസ്സ് വരെ പ്രായമുള്ള നാല് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമാണ് മരിച്ചത്. 

തിങ്കളാഴ്ച്ച പുലര്‍ച്ചെ 5.40ന് കുട്ടികളുടെ അമ്മയില്‍ നിന്നാണ് തീ പിടുത്തത്തെക്കുറിച്ചു വിവരം ലഭിച്ചതെന്ന് ഫുജൈറ പോലീസ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് ബിന്‍ ഗാനെം അല്‍ കാബി പറഞ്ഞു. പോലീസും സിവില്‍ ഡിഫെന്‍സും ഉടന്‍ തന്നെ സ്ഥലത്തെത്തി കുട്ടികളെ ദിബ്ബ ആസ്പത്രിയില്‍ പ്രവേശിച്ചിപ്പിച്ചെങ്കിലും പുക ശ്വസിച്ച് അവശ നിലയിലായ കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായില്ല. 

കുട്ടികളുടെ മുറിയിലെ ഏസിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് കരുതുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മധ്യാഹ്ന നമസ്‌കാരങ്ങള്‍ക്ക് ശേഷം മൃതുദേഹങ്ങള്‍ റുല്‍ ദാദന  സെമിത്തേരിയില്‍ ഖബറടക്കി.