മസ്‌കറ്റ്: ഒമാനില്‍ എണ്ണയിതര ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ 14 ശതമാനത്തിന്റെ വര്‍ധന. രാജ്യത്തിന്റെ മൊത്തം ഉത്പന്നങ്ങളുടെ കയറ്റുമതിയിലും 10.3 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിക്കൊണ്ട് കയറ്റുമതിയില്‍ ഒമാന്‍ ഈവര്‍ഷം വന്‍ കുതിപ്പ് നടത്തിയെന്ന് കണക്കുകള്‍ പറയുന്നു.

എണ്ണയിതര വരുമാനം വര്‍ധിപ്പിക്കാന്‍ ഒമാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് നടപ്പാക്കിവരുന്നത്. ഒമാന്‍ ദേശീയ സ്ഥിതിവിവര മന്ത്രാലയം പ്രസിദ്ധീകരിച്ച ഈ വര്‍ഷത്തെ ആദ്യപകുതിയിലെ കണക്കുകള്‍ പ്രകാരമാണ് കയറ്റുമതിയിലെ വര്‍ധന സൂചിപ്പിച്ചിരിക്കുന്നത്. 2016-ല്‍ 659.4 ദശലക്ഷം ഒമാനി റിയാലിന്റെ കയറ്റുമതി ആയിരുന്നു സമാന കാലയളവില്‍ നടന്നത്.
 
എന്നാല്‍, ഈ വര്‍ഷമാദ്യ പകുതിയില്‍ ഇത് 751.80 ദശലക്ഷം ഒമാനി റിയാലായി വര്‍ധിച്ചു. പതിനാലുശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. രാസവസ്തുക്കള്‍, പ്ലാസ്റ്റിക്, റബ്ബര്‍, അടിസ്ഥാന ലോഹ ഉത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയിലാണ് വര്‍ധന.

രാജ്യത്തിന്റെ മൊത്തം ഉത്പന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ 2586.4 ദശലക്ഷം ഒമാനി റിയാലില്‍നിന്ന് 2852.4 ദശലക്ഷം റിയാലായി വര്‍ധിച്ചു.  എണ്ണ, പ്രകൃതിവാതക കയറ്റുമതിയില്‍നിന്നുള്ള വരുമാനത്തില്‍ 28.4 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കാന്‍ രാജ്യം വിവിധ പദ്ധതികളാണ് നടപ്പാക്കിവരുന്നത്. വിദേശരാജ്യങ്ങളില്‍ ഒമാനി ഉത്പന്നങ്ങളുടെ നിരവധി പ്രദര്‍ശനങ്ങള്‍ ഒമാന്‍ സര്‍ക്കാര്‍ സംഘടിപ്പിച്ചുവരുന്നുണ്ട്.