മസ്‌കറ്റ്: പുതുതലമുറയ്ക്ക് ഒരു പുതിയ ഗതാഗത സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവുമായി മസ്‌കറ്റ് നഗരസഭയും റോയല്‍ ഒമാന്‍ പോലീസും ചേര്‍ന്ന് ഡിജിറ്റല്‍ അടയാള ബോര്‍ഡ് സംവിധാനം നടപ്പാക്കുന്നു.

അതിവേഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. വാഹനം അതി വേഗത്തിലാണെങ്കില്‍ ഇതില്‍ ചുവപ്പുനിറത്തില്‍ സങ്കടഭാവമുള്ള സ്‌മൈലി തെളിയും.
 
വേഗപരിധി ലംഘിച്ചിട്ടില്ലെങ്കില്‍ ചിരിക്കുന്ന മുഖമുള്ള സ്‌മൈലി പച്ച നിറത്തില്‍ തെളിയും. മാത്രമല്ല വാഹനം ബോര്‍ഡിന്റെ നൂറുമീറ്റര്‍ പരിധിക്കുള്ളില്‍ എത്തിക്കഴിയുമ്പോള്‍ വാഹനത്തിന്റെ വേഗം കണ്ടുപിടിക്കാനും ഈ സംവിധാനം വഴി സാധിക്കും.

മത്ര പ്രവിശ്യയില്‍ 10 ഡിജിറ്റല്‍ അടയാള ബോര്‍ഡുകള്‍ ആണ് നിലവില്‍ സ്ഥാപിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ സ്‌കൂളുകളുടെ പരിസരത്തും കൂടുതല്‍ ജനസാന്ദ്രതയുള്ള സ്ഥലത്തുമാണ് ഡിജിറ്റല്‍ അടയാള ബോര്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഈ സംവിധാനം രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും.
 
സുരക്ഷിതമായ ഡ്രൈവിങ് എന്ന ആശയം ഒരു സംസ്‌കാരമായി മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് റോയല്‍ ഒമാന്‍ പോലീസ്. പൊതുജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി മസ്‌കറ്റ് നഗരസഭ മുന്‍കൈയെടുത്ത് റോയല്‍ ഒമാന്‍ പോലീസിന്റെ സഹകരണത്തോടു കൂടിയാണ് ഈ ഡിജിറ്റല്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.