മസ്‌കറ്റ്: ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന് അംഗീകാരം നല്‍കി ഒമാന്‍. കോവാക്‌സിന്‍ രണ്ട് ഡോസെടുത്ത ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇനി ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഒമാന്‍ ഭരണകൂടം അറിയിച്ചു. ഒമാനിലെ ഇന്ത്യന്‍ എംബിസിയാണ് ഇക്കാര്യം അറിയിച്ചത്.

ഒമാനില്‍ എത്തുന്നതിന് ചുരുങ്ങിയത് 14 ദിവസം മുമ്പെങ്കിലും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം. ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലമടക്കമുള്ള മറ്റു കോവിഡ് മുന്‍കരുതലുകളും നടപടികളും അതേപടി തുടരും.

ഇന്ത്യയില്‍ വിതരണംചെയ്യുന്ന ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ മാത്രമാണ് ഇതുവരെ ഒമാനടക്കമുള്ള രാജ്യങ്ങള്‍ അംഗീകരിച്ചിരുന്നത്. അംഗീകാരമില്ലാതിരുന്ന കോവാക്‌സിന്‍ എടുത്ത യാത്രികര്‍ ഒമാനില്‍ ക്വാറന്റീല്‍ കഴിയേണ്ടി വന്നിരുന്നു. അംഗീകാരം ലഭിച്ചതോടെ ഇന്ത്യയില്‍ നിന്ന് കോവാക്‌സിന്‍ എടുത്ത് വരുന്ന യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ കടമ്പ നീങ്ങികിട്ടും.

Content Highlights: Covaxin added to approved list of vaccines for travel to Oman