ദുബായ് : കൊറോണ ലോകത്തെല്ലായിടത്തുമെന്നപോലെ ഗൾഫ് രാജ്യങ്ങളിലും കൂടുതൽപ്പേരിലേക്ക് പടരുന്നെന്നതാണ് വെള്ളിയാഴ്ചത്തെയും കണക്കുകൾ പറയുന്നത്.

സൗദി അറേബ്യയിൽ 92, ഒമാനിൽ 22, കുവൈത്തിൽ 17 എന്നിങ്ങനെയാണ് വെള്ളിയാഴ്ച പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്ക്. ഒമാനിൽ കൊറോണബാധിതരുടെ എണ്ണം 131 ആയി ഉയർന്നു.

ഒമാനിൽ കൊറോണ വൈറസിന്റെ സമൂഹവ്യാപനം സംഭവിച്ചതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ ആളുകൾക്ക് വൈറസ് ബാധ ഏൽക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സൈദ് അൽ ഹോസ്‌നി മുന്നറിയിപ്പുനൽകി. കടുത്ത ജാഗ്രതയിലാണ് പ്രവാസികൾ ഉൾപ്പെടുന്ന ഒമാനിസമൂഹം ഇപ്പോൾ കഴിയുന്നത് .

പകർച്ചവ്യാധി മറച്ചുവെച്ചാൽ ഖത്തർ രണ്ടു ലക്ഷം റിയാൽ പിഴയും മൂന്നുവർഷം ജയിൽശിക്ഷയും നൽകും.

ഖത്തറിൽ സൂപ്പർ മാർക്കറ്റുകൾ, ഗ്രോസറികൾ, ഫാർമസികൾ എന്നിവമാത്രമേ ഇനി പ്രവർത്തിക്കുകയുള്ളൂ. അനധികൃത താമസക്കാർക്ക് കുവൈത്ത് ഏപ്രിൽ ഒന്നുമുതൽ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു മാസമാണ് കാലാവധി. ജനങ്ങൾ പുറത്തിറങ്ങുന്നത് തടയാൻ കുവൈത്ത് രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

യു.എ.ഇ.യിൽ കാസർകോട് സ്വദേശികൾ തിങ്ങിത്താമസിക്കുന്ന ദേര നയിഫ് മേഖലയിലെ ചിലർ നിരീക്ഷണത്തിലാണ്. ഇവരുടെ പരിശോധനഫലങ്ങൾ പുറത്തുവന്നിട്ടില്ല. മൂന്നുദിവസത്തെ അണുനശീകരണംകാരണം രാജ്യത്ത് ശക്തമായ വിലക്കുകൾ നിലനിൽക്കുന്നു. പൊതുഗതാഗതസംവിധാനമെല്ലാം നിലച്ചിരിക്കുന്നു.

രാത്രികാലങ്ങളിൽ അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവർ www.move.gov.ae എന്ന വെബ്‌സൈറ്റിൽ പേര് രജിസ്റ്റർചെയ്ത് അനുമതി വാങ്ങിയിരിക്കണം. ഞായറാഴ്ച രാവിലെ ആറുവരെയാണ് നിരോധനം. അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് രണ്ടുകോടി രൂപവരെയാണ് പിഴ.

സൗദി അറേബ്യയിൽ പുതുതായി 92 കൊറോണ കേസുകളാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. ഇതോടെ സൗദിയിൽ മൊത്തം രോഗികളുടെ എണ്ണം 1104 ആയി ഉയർന്നു. ആറുപേരുടെ നില ഗുരുതരമാണ്. രോഗബാധ കണ്ടെത്തിയവരിൽ 35 പേർ ഇതിനകം സുഖംപ്രാപിച്ച് ആശുപത്രി വിട്ടു.