മസ്‌ക്കത്ത്: ലോകത്തിന്റെ സമസ്തമേഖലയിലും സമാധാനത്തിനായി നിലകൊണ്ട ഒമാന്‍ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയ്ദിനു അനുശോചനമര്‍പ്പിക്കാന്‍ ദാര്‍സൈറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിവിധഭാഭാ വിഭാഗങ്ങളുടെ പ്രതിനിധികള്‍ അടക്കം വന്നെത്തിയത് നൂറുകണിക്കിന് പേരാണ് .
രാജ്യാന്തര നയതന്ത്രരംഗത്ത് തുടര്‍ച്ചയായി മികച്ച സംഭാവന നല്‍കുകയും ഇന്ത്യയും ഒമാനുമായുള്ള ബന്ധം ശക്തമാക്കുകയും ചെയ്ത മഹാനായ ഭരണാധികാരിയുടെ വിയോഗത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് വൈസ് ചെയര്‍മാന്‍ സി എം സര്‍ദാര്‍ അഗാധമായ ദുഃഖം അറിയിച്ചു. ജനങ്ങള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുകയും അവരുമായുള്ള ബന്ധം നിലനിര്‍ത്തുകയും ചെയ്ത സുല്‍ത്താന്‍, അറബ് ലോകത്ത് സൗഹൃദവും സമാധാനവും നിലനിര്‍ത്താന്‍ എന്നും മുന്നിലുണ്ടായിരുന്ന ഭരണാധികാരിയായിരുന്നുവെന്ന് കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ പി എം ജാബിര്‍ പറഞ്ഞു.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ജോയിന്റ് ജനറല്‍ സെക്രട്ടറി വിനോദ് നായര്‍, ട്രഷറര്‍ ഗോവിന്ദ് നേഗി, കമ്മിറ്റി അംഗങ്ങള്‍ ആയ പദ്മിനി അടല്‍ , ഇമിത്യാസ് ഉസ്മാന്‍ ,കരണ്‍ജിത് സിങ് , ഷകീല്‍ കോമോത്ത് , കൂടാതെ വിവിധ ഭാഷാവിഭാഗങ്ങളില്‍ നിന്നായി നിരവധി പേര്‍ സുല്‍ത്താന്റെ വേര്‍പ്പാടില്‍ അനുശോചനം അറിയിച്ചു സംസാരിച്ചു.
Content Highlights: Condolences for Sulthan Qaboos Bin Sayed