മസ്‌കത്ത്: റിയലക്സ് ചലഞ്ചേഴ്സ് ട്രോഫി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഈ മാസം 29ന്. അല്‍ ഹെയ്ല്‍ ഗ്രൗണ്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ മുന്‍ ഇന്ത്യന്‍ താരം ഐ എം വിജയന്‍ മുഖ്യാതിഥിയായിരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒമാനില്‍ നിന്നുള്ള 20ഓളം ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. വിജയികള്‍ക്ക് ട്രോഫിയും സമ്മാനത്തുകയും ലഭിക്കും.

രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് റൗണ്ടില്‍ നിന്ന് കൂടുതല്‍ പോയിന്റ് നേടുന്ന ടീമുകള്‍ ഫൈനല്‍ റൗണ്ടുകളിലേക്ക് യോഗ്യത നേടും. തുടര്‍ന്ന് നോക്കൗട്ട് മത്സരങ്ങളിലൂടെയാകും ഫൈനല്‍ വരെ യോഗ്യത നല്‍കുക. സ്വദേശി റഫ്റിമാര്‍ കളി നിയന്ത്രിക്കും. ഓരോ ടീമുകള്‍ക്കും രണ്ട് താരങ്ങളെ വീതം നാട്ടില്‍ നിന്നും കൊണ്ടുവരാന്‍ സാധിക്കും. 

ബാക്കിയുള്ള ടീം അംഗങ്ങള്‍ ഒമാനില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരായിരിക്കണമെന്ന് നിബന്ധനയുണ്ട്. പ്രാവാസികളുടെ മാനസിക സമ്മര്‍ദങ്ങള്‍ കുറയ്ക്കുന്നതിന് ഇത്തരം കായിക വിനോദങ്ങള്‍ സഹായകരമാകുമെന്ന് ഷാനവാസ് അബ്ദുല്‍ മജീദ് പറഞ്ഞു. 

ഭാവിയില്‍ ഫുട്ബോള്‍ അക്കാദമി ഉള്‍പ്പടെയുള്ളവ ലക്ഷ്യം വെക്കുന്നതായും അദ്ദേഹം പറഞ്ഞു. സാം വര്‍ഗീസ്, അക്ബര്‍, സൈദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.