മസ്‌കറ്റ്: ഇന്ത്യയിലേക്ക് അയക്കുന്ന ഡോര്‍ ടു ഡോര്‍ കാര്‍ഗോ സര്‍വീസിന് നിരക്കുകള്‍ കുറച്ചു. ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ കാര്‍ഗോയിന്‍ മേലുള്ള വര്‍ധിപ്പിച്ച ജി.എസ്.ടി., കസ്റ്റംസ് ഡ്യൂട്ടി എന്നിവ ഒഴിവാക്കിയതിനാലാണ് നിരക്കുകള്‍ കുറച്ചത്.
 
രണ്ടുമാസംമുന്‍പ് വര്‍ധിപ്പിച്ച നിരക്കുകളാണ് ഇപ്പോള്‍ കാര്‍ഗോ കമ്പനികള്‍ കുറച്ചിരിക്കുന്നത് . വിദേശത്തുനിന്ന് സമ്മാനമായി അയക്കുന്ന 5000 രൂപ വരെയുള്ള സാധനങ്ങളെ ജി.എസ്.ടിയില്‍നിന്ന് ഒഴിവാക്കിയതിന്റെ പശ്ചാത്തലത്തിലാണ് നിരക്കുകള്‍ കുറച്ചിരിക്കുന്നത് .

20,000 രൂപ വില വരുന്ന കാര്‍ഗോ നാട്ടിലേക്ക് അയക്കുന്നതിനു മുന്‍പ് നികുതി ഈടാക്കിയിരുന്നില്ല . കഴിഞ്ഞ ജൂണിലാണ് ഈ സേവനം റദ്ദാക്കിയത് .

നിരക്ക് ഉയര്‍ന്നതോടെ നാട്ടിലേക്ക് പാര്‍സല്‍ അയക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. നികുതി പരിഷ്‌കരണം പ്രാബല്യത്തില്‍ വന്നതോടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലെയും കാര്‍ഗോ മേഖല വീണ്ടും സജീവമായിട്ടുണ്ട്.